കേരളത്തിന് നിഷേധിച്ച വിദേശസംഭാവനകള്‍ സ്വീകരിക്കാനുള്ള അനുമതി മഹാരാഷ്ട്രക്ക്‌ നൽകി കേന്ദ്രസര്‍ക്കാർ



മുംബൈ: വിദേശസംഭാവനകള്‍ സ്വീകരിക്കാന്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് കേന്ദ്രസര്‍ക്കാരിന്റെ അനുമതി. 2018-ല്‍ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിദേശസഹായം സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.

കേന്ദ്ര ആഭ്യന്തരമന്ത്രാലയം 2010-ലെ വിദേശ സംഭാവന നിയന്ത്രണ നിയമം(എഫ്സിആര്‍എ) പ്രകാരം മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്ക് ഇപ്പോള്‍ രജിസ്ട്രേഷന്‍ അനുവദിച്ചു. പ്രകൃതിദുരന്തങ്ങള്‍, വലിയ അപകടങ്ങള്‍, കലാപങ്ങള്‍, ഭീകരാക്രമണങ്ങള്‍ എന്നീ സാഹചര്യങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കോ വൈദ്യ-വിദ്യാഭ്യാസ സഹായം ആവശ്യമുള്ളവര്‍ക്കോ സാമ്പത്തികസഹായം നല്‍കുന്നതിനായി വിദേശഫണ്ട് സ്വീകരിക്കാന്‍ ഒരു സംസ്ഥാനസര്‍ക്കാരിന്റെ ദുരിതാശ്വാസസ്ഥാപനത്തിന് അനുമതി ലഭിക്കുന്നത് ഇതാദ്യമായാണ്.
സംസ്ഥാനസര്‍ക്കാരുകളുടെ ദുരിതാശ്വാസഫണ്ടുകള്‍ സാധാരണയായി ആഭ്യന്തരസംഭാവനകളിലാണ് പ്രവര്‍ത്തിക്കുന്നത്. വിദേശത്തുനിന്നു സംഭാവനകള്‍ സ്വീകരിക്കാന്‍ എഫ്സിആര്‍എ പ്രകാരം രജിസ്ട്രേഷന്‍ ആവശ്യമാണ്.
കോവിഡ് മഹാമാരിയില്‍ ദുരിതസാഹചര്യങ്ങള്‍ നേരിടുന്നതിന്റെ ഭാഗമായി 2020 മാര്‍ച്ചില്‍ രൂപവത്കരിച്ച പ്രധാനമന്ത്രിയുടെ പൗരസഹായ, ദുരിതാശ്വാസ നിധി അല്ലെങ്കില്‍ പിഎം കെയേഴ്സ് ഫണ്ടിനെ എഫ്‌സിആര്‍എ വ്യവസ്ഥകളില്‍നിന്ന് ഒഴിവാക്കുകയും വിദേശ സംഭാവനകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേക അക്കൗണ്ട് തുറക്കുകയും ചെയ്തിരുന്നു.
വിദേശ സംഭാവനകള്‍ രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയെ ബാധിക്കുന്നില്ലെന്ന് ഉറപ്പാക്കാന്‍ ആഭ്യന്തരമന്ത്രാലയം എഫ്‌സിആര്‍എ വഴിയാണ് വിദേശ സംഭാവനകളെ നിയന്ത്രിക്കുന്നത്. ഒരു അസോസിയേഷനോ എന്‍ജിഒകളോ വിദേശ സംഭാവന സ്വീകരിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍, 1976-ലെ ഈ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്യേണ്ടത് നിര്‍ബന്ധമായിരുന്നു. 1976-ലെ നിയമം റദ്ദാക്കി 2010-ല്‍ പുതിയ നിയമം കൊണ്ടുവരുകയും ചെയ്തു. 2020-ല്‍ ഇത് ഭേദഗതി ചെയ്തു.
രജിസ്റ്റര്‍ ചെയ്ത അസോസിയേഷനുകള്‍ക്ക് സാമൂഹിക, വിദ്യാഭ്യാസ, മത, സാമ്പത്തിക, സാംസ്‌കാരിക പരിപാടികള്‍ക്കായി വിദേശ സംഭാവനകള്‍ സ്വീകരിക്കാം.
കേരളത്തിന് നിഷേധിച്ചത് 700 കോടി
തിരുവനന്തപുരം: കേരളത്തില്‍ പ്രളയത്തിനുശേഷം പുനര്‍നിര്‍മാണ സഹായമായി യുഎഇ സര്‍ക്കാര്‍ വാഗ്ദാനംചെയ്ത 700 കോടി രൂപ, കേന്ദ്രം സമ്മതിക്കാത്തതിനാല്‍ കേരളത്തിനു സ്വീകരിക്കാനായില്ല. ഖത്തര്‍, മാലെദ്വീപ്, തായ്‌ലാന്‍ഡ് സര്‍ക്കാരുകളും സഹായവാഗ്ദാനം നല്‍കിയെങ്കിലും വിദേശസംഭാവന സ്വീകരിക്കാന്‍ കേന്ദ്രാനുമതി ലഭിച്ചില്ല. പ്രളയത്തില്‍ ഇരുന്നൂറിലേറെപ്പേര്‍ മരിക്കുകയും 20,000 കോടിയിലേറെ രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുകയും ചെയ്തിരുന്നു. ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും കേന്ദ്രം അംഗീകരിച്ചില്ല. സഹായം തേടി മന്ത്രിതലസംഘത്തിന്റെ വിദേശയാത്രയ്ക്കും അനുമതി നല്‍കിയില്ല. പ്രളയ സെസ് പിരിക്കാനുള്ള അനുമതി വാങ്ങാന്‍ ജിഎസ്ടി കൗണ്‍സിലുമായി കേരളത്തിന് ഒരുവര്‍ഷത്തോളം യുദ്ധം നടത്തേണ്ടിവന്നു.
'ഇനി തിരുത്തുമെന്ന് പ്രതീക്ഷിക്കാം'
കേരളം നിര്‍ണായകമായ ഒരുഘട്ടത്തില്‍ ഇതുപോലെ സഹായം ചോദിച്ചപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ അതിനെ കൈകാര്യംചെയ്തത് രാഷ്ട്രീയവിവേചനത്തോടെയായിരുന്നു. ലോകമെമ്പാടുനിന്നും വാഗ്ദാനംചെയ്യപ്പെട്ട സഹായം വാങ്ങാന്‍ അനുവദിച്ചില്ല. മഹാരാഷ്ട്രയ്ക്ക് അനുമതി നല്‍കിയ സാഹചര്യത്തില്‍, ഭാവിയില്‍ ഏതെങ്കിലുമൊരു സംസ്ഥാനത്തിന് അപകടഘട്ടമുണ്ടായാല്‍ കേന്ദ്രം വിവേചനം തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു.
- കെ.എന്‍. ബാലഗോപാല്‍, ധനമന്ത്രി
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال