ന്യൂഡല്‍ഹി : ഇന്ത്യ-പാക് സംഘര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ വിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്ന സംയുക്ത സൈനിക മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ വിമര്‍ശനം കടുപ്പിച്ച് പ്രതിപക്ഷം. നഷ്ടങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. എന്തുകൊണ്ടാണ് വസ്തുതകളും സത്യങ്ങളും ജനങ്ങളോടും പാര്‍ലമെന്റിനോടും തുറന്ന് പറയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) ചോദിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് സര്‍ക്കാര്‍ രാജ്യത്തെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആവശ്യപ്പെട്ടു. സംയുക്തസേനാ മേധാവിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ഇത് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ മാത്രമേ ചര്‍ച്ച ചെയ്യാന്‍ കഴിയുകയുള്ളൂ - ഖാര്‍ഗെ പറഞ്ഞു. പ്രതിരോധ രംഗത്തെ തയ്യാറെടുപ്പുകളെക്കുറിച്ച് സമഗ്രമായ പരിശോധന കോണ്‍ഗ്രസ് ആവശ്യപ്പെടുന്നുവെന്നും ഖാര്‍ഗെ പറഞ്ഞു. എന്തുകൊണ്ടാണ് തിരിച്ചടിയുടെ വസ്തുതകള്‍ വിദേശമാധ്യമങ്ങളിലൂടെ പുറത്തുവിടുന്നതെന്ന് ടിഎംസി രാജ്യസഭാംഗം സാഗരിക ഘോഷ് ചോദിച്ചു.
''ആണവായുധ പ്രയോഗസാഹചര്യമില്ലായിരുന്നു''
:ഇന്ത്യ-പാക് സംഘര്‍ഷം ആണവയുദ്ധമായി പരിണമിക്കാഞ്ഞത് തന്റെ ഇടപെടലിനാലാണെന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദത്തെ സംയുക്തസേനാമേധാവി ജനറല്‍ അനില്‍ ചൗഹാന്‍ തള്ളി. ഇരുരാജ്യവും ആണവായുധപ്രയോഗം നടത്താനുള്ള സാഹചര്യത്തില്‍നിന്ന് ഏറെദൂരെയായിരുന്നു. ആണവപ്രയോഗമില്ലാതെത്തന്നെ സംഘര്‍ഷം നിയന്ത്രണവിധേയമാക്കാന്‍ പാകിസ്താനുമായി ആശയവിനിമയം നടത്താനുള്ള ഉപാധികളുണ്ടായിരുന്നു.
ചൈനയില്‍നിന്നും മറ്റുരാജ്യങ്ങളില്‍നിന്നും വാങ്ങി ഇന്ത്യക്കെതിരേ പാകിസ്താന്‍ പ്രയോഗിച്ച ആയുധങ്ങള്‍ ഫലംകണ്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കനത്ത വ്യോമപ്രതിരോധകവചമൊരുക്കിയ പാകിസ്താന്റെ വ്യോമതാവളങ്ങളെ, അതും 300 കിലോമീറ്റര്‍ ഉള്ളില്‍ക്കടന്ന് കൃത്യതയോടെ ആക്രമിക്കാന്‍ ഇന്ത്യക്കുകഴിഞ്ഞു. വെടിനിര്‍ത്തല്‍ തുടരുന്നത് പാകിസ്താന്റെ ഭാവിനടപടികളെ ആശ്രയിച്ചിരിക്കും. പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന 'ചുവപ്പുരേഖ' ഇന്ത്യ വരച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഷാന്‍ഗ്രിലാ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് സംയുക്തസേനാമേധാവി സിങ്കപ്പൂരിലെത്തിയത്.