തിരുപ്പതി ക്ഷേത്രഗോപുരത്തിന് മുകളിലൂടെ വിമാനം താഴ്ന്നുപറന്ന സംഭവം: പ്രതിഷേധം കടുക്കുന്നു


തിരുപ്പതി: ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രഗോപുരത്തിന് മുകളിലൂടെ വിമാനം താഴ്ന്നുപറന്ന സംഭവത്തില്‍ പ്രതിഷേധം കടുക്കുന്നു. തിരുപ്പതി ക്ഷേത്രം എന്ന് പൊതുവില്‍ അറിയപ്പെടുന്ന ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്രപരിസരത്ത് ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കും വിശ്വാസങ്ങള്‍ക്കും ഇത്തരം കാര്യങ്ങള്‍ തികച്ചും എതിരാണെന്നും കേന്ദ്രസര്‍ക്കാര്‍ ഈ വിഷയത്തില്‍ ഇനിയും തീരുമാനമെടുക്കാത്തതിനെ വിമര്‍ശിച്ചുമാണ് പ്രതിഷേധം ഉയരുന്നത്.

തിരുപ്പതി ക്ഷേത്രപരിസരത്തെ വ്യോമപാതയില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് 'നോ ഫ്‌ളൈ സോണ്‍' ആക്കണമെന്ന ആവശ്യം നേരത്തേ തന്നെ തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) കേന്ദ്രസര്‍ക്കാരിന് മുന്നില്‍വെച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെയും കേന്ദ്രം തീരുമാനം കൈക്കൊണ്ടിട്ടില്ല. പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഈ ആവശ്യം ക്ഷേത്രഭാരവാഹികള്‍ വീണ്ടും കേന്ദ്രത്തിനുമുന്നില്‍ അവതരിപ്പിച്ചിട്ടുണ്ട്.
ഹിന്ദുവിശ്വസപ്രകാരം, അങ്ങേയറ്റം പവിത്രമായി കരുതപ്പെടുന്ന തിരുപ്പതി ക്ഷേത്രഗോപുരത്തിന് മുകളിലൂടെ മനുഷ്യന്‍ പറത്തുന്നതായ വസ്തുക്കളുടെ സഞ്ചാരം അനുവദനീയമല്ല എന്നാണ് അഗമശാസ്ത്രത്തില്‍ പറയുന്നത് എന്ന് ക്ഷേത്ര അധികൃതര്‍ പറയുന്നു. ഇതില്‍ വിമാനം, ഹെലികോപ്ടര്‍, ഡ്രോണുകള്‍ തുടങ്ങി ആകാശത്തിലൂടെ മനുഷ്യന്‍ പറത്തുന്ന വസ്തുക്കളെല്ലാം ഉള്‍പ്പെടുമെന്നും അധികൃതരും വിശ്വാസികളും പറയുന്നു.
ക്ഷേത്രത്തിന്റെ വിശ്വാസങ്ങള്‍ക്ക് മാത്രമല്ല, സുരക്ഷയ്ക്കും കടുത്ത വെല്ലുവിളിയാണ് ഇത്തരം വിമാനങ്ങളും മറ്റും ഉയര്‍ത്തുന്നതെന്നും ക്ഷേത്രഅധികൃതര്‍ പറയുന്നു. ഈ സാഹചര്യം കണക്കിലെടുത്ത്, തിരുപ്പതി ക്ഷേത്രപരിസരത്തെ നോ ഫ്ളൈ സോണായി പ്രഖ്യാപിക്കണം എന്ന് ആവശ്യപ്പെട്ട്, ഇക്കഴിഞ്ഞ മാര്‍ച്ചില്‍ ടിടിഡി ചെയര്‍മാന്‍ ബി.ആര്‍. നായിഡു കേന്ദ്ര വ്യോമയാനമന്ത്രി റാം മോഹന്‍ നായിഡു കിഞ്ചരപുവിന് കത്തയച്ചിരുന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം മണ്ഡലത്തില്‍നിന്നുള്ള എംപി കൂടിയാണ് റാം മോഹന്‍ നായിഡു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال