കുന്നംകുളം : മലങ്കര ആശുപത്രിയിൽ നടപ്പിലാക്കുന്ന വിവിധ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച പുതിയ ഓ പി ബ്ലോക്ക് ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പുതിയ കേഷ്വാലിറ്റി യൂണിറ്റിന് എതിർവശത്തായാണ് പുതിയ ഒ.പി ബ്ലോക്ക് ആരംഭിച്ചിട്ടുളളത്. ബ്ലഡ് കളക്ഷൻ സെൻററും, ഓഡിയോളജി ഡിപ്പാർട്ട്മെൻറും ഈ പുതിയ ബ്ലോക്കിൽ പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്..
ഇന്ന് രാവിലെ നടന്ന ചടങ്ങിൽ
കുന്നംകുളം ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയാസ് മെത്രാപ്പോലീത്ത, കണ്ടനാട് ഈസ്റ്റ് ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ തോമസ് മാർ അത്തനാസിയോസ് എന്നിവർ ചേർന്ന് ഉദ്ഘാടന ചടങ്ങുകൾ നിർവഹിച്ചു.ആശുപത്രി സെക്രട്ടറി കെ പി സാക്സൺ അധ്യക്ഷത വഹിച്ചു.
ആശുപത്രിയിലെ ഡോക്ടർമാർക്കും വിവിധ സ്റ്റാഫുകൾക്കുമായി നിർമ്മിച്ച കോർട്ടേഴ്സിന്റെ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.സാധാരണക്കാർക്ക് പ്രാപ്യമായ വിധത്തിൽ കുറഞ്ഞ ചിലവിൽ മികച്ച ചികിത്സാ സംവിധാനങ്ങൾ മലങ്കര ആശുപത്രിയിൽ നൽകിവരുന്നുണ്ടെന്ന് ആശുപത്രി സെക്രട്ടറി കെ പി സാക്സൺ പറഞ്ഞു.
102 ഡോക്ടർമാർ ഉൾപ്പെടെ 700 പരം ജീവനക്കാർ മലങ്കര ആശുപത്രിയിൽ ജോലി ചെയ്യുന്നുണ്ട്. പാമ്പ് വിഷ ചികിത്സ, കാർഡിയാക്, ന്യൂറോ ഉൾപ്പെടെ 30 ൽ പരം ഡിപ്പാർട്ട്മെന്റുകളുടെ സേവനവും 24 മണിക്കൂറും മലങ്കരയിൽ ലഭ്യമാണ്. മാമോഗ്രാം ഉൾപ്പെടെ ക്യാൻസർ ചികിത്സയും ഇവിടെ ആരംഭിച്ചിട്ടുണ്ട്. 65 കിടക്കകളും രണ്ട് മിനി ഓപ്പറേഷൻ തിയേറ്ററുമായി ജില്ലയിലെ തന്നെ ഏറ്റവും വലിയ കേഷ്വാലിറ്റി യൂണിറ്റും ഈയിടെ പ്രവർത്തനം തുടങ്ങി. തുടർ വികസന പ്രവർത്തനങ്ങളുടെ ഭാഗമായാണ് പുതിയ ഒ.പി യൂണിറ്റും ഇന്ന് പ്രവർത്തനം തുടങ്ങുന്നത്.