ദില്ലി: ഇന്ത്യയിലെ ഗൂഗിൾ ക്രോം ഉപയോക്താക്കൾ ഗുരുതരമായ സൈബർ ഭീഷണി നേരിടുന്നതായി കേന്ദ്ര സർക്കാരിന്‍റെ സൈബർ സുരക്ഷാ ഏജൻസിയായ CERT-In മുന്നറിയിപ്പ് നൽകി. വിൻഡോസ്, മാക്, ലിനക്സ് എന്നീ പ്ലാറ്റ്‌ഫോമുകളിൽ ഗൂഗിൾ ക്രോം ഉപയോഗിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും ഹാക്കർമാരുടെ ആക്രമണ സാധ്യതയിൽ അപകടത്തിലാണെന്ന് അലേർട്ട് വ്യക്തമാക്കുന്നു. ബ്രൗസറിലെ സുരക്ഷാ പിഴവുകൾ പരിഹരിക്കാൻ ഉപയോക്താക്കൾ ഉടൻ അപ്‌ഡേറ്റ് ചെയ്യണമെന്ന് സർക്കാർ നിർദേശിച്ചു.
സെര്‍ട്ട്-ഇന്‍-ന്‍റെ അലേർട്ട് പ്രകാരം, ഗൂഗിൾ ക്രോമിന്‍റെ പഴയ പതിപ്പുകളിൽ ഒന്നിലധികം ദുർബലതകൾ കണ്ടെത്തിയിട്ടുണ്ട്. വിൻഡോസ്, മാക് എന്നിവയിൽ 136.0.7103.113/.114-നും ലിനക്സിൽ 136.0.7103.113-നും മുമ്പുള്ള പതിപ്പുകളാണ് അപകടകരമായത്. ഈ പിഴവുകൾ ഹാക്കർമാർക്ക് ഉപകരണങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കാനോ, സെൻസിറ്റീവ് വിവരങ്ങൾ മോഷ്ടിക്കാനോ, സിസ്റ്റം തകർക്കാനോ സാധ്യത നൽകുന്നു. പ്രത്യേകിച്ച്, CVE-2025-4664 എന്ന ബഗ് ഹാക്കർമാർ ഇതിനകം സജീവമായി ഉപയോഗിക്കുന്നതായി സർക്കാർ മുന്നറിയിപ്പ് നൽകി. “ഗൂഗിൾ ക്രോമിലെ ഈ ദുർബലതകൾ ഒരു റിമോട്ട് ടാർഗെറ്റ് സിസ്റ്റത്തിൽ അനിയന്ത്രിതമായ കോഡ് നടപ്പിലാക്കാൻ അനുവദിക്കും”- എന്ന് CERT-In-ന്‍റെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. വെബ്‌സൈറ്റ് സന്ദർശിക്കുന്നതിലൂടെ പോലും ഹാക്കർമാർക്ക് ഉപയോക്താവിന്‍റെ സിസ്റ്റം ദുരുപയോഗം ചെയ്യാൻ കഴിയുമെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.