ലഹരിക്ക് എതിരെ കളിക്കളങ്ങൾ സജീവമാക്കുക എന്ന ലക്ഷ്യത്തോടെ ബ്രേവ് - ബോധി റസിഡൻ്റ്സ് അസോസിയേഷൻ വേലൂരും, ഗ്രാസ്‌വേ- ഗ്രാമ്യ സംസ്കൃതി വേലൂരും സംയുക്തമായി വേലൂർ ബോധി ലൈനിൽ "കളിക്കളം" എന്ന പേരിൽ ഷട്ടിൽ ബാഡ്മിൻ്റൺ കോർട്ട് തയ്യാറാക്കി.
ഷട്ടിൽ കോർട്ടിൻ്റെ ഉദ്ഘാടനം ബ്രേവ് പ്രസിഡൻ്റ് വിനോദ് ദാസ് നിർവ്വഹിച്ചു. സിവിൽ എക്സൈസ് ഓഫീസർ ശീർഷേന്ദുലാൽ ലഹരി വിരുദ്ധ സന്ദേശം നൽകി. പ്രവീൺ സ്വാഗതവും ജോൺസൺ നന്ദിയും പറഞ്ഞു. തുടർന്ന് ലഹരി വിമുക്ത പ്രതിജ്ഞ ചൊല്ലി.
ഒരു കായിക വിനോദം എന്ന നിലയിലും വ്യായാമ ഉപാധി എന്ന നിലയിലും ജനകീയമായ ഷട്ടിൽ മത്സരത്തെ ഉപയോഗപ്പെടുത്തി ഒരു പ്രദേശത്തെ ജനങ്ങളെ ഒന്നാകെ പ്രായ, ലിംഗ ഭേദമില്ലാതെ ഒരു വലയ്ക്കിരുപുറവും അണിനിരത്തി പുതിയൊരു മാറ്റത്തിന് തുടക്കമിടുകയാണ് ബ്രേവ്.
പൂർണ്ണമായും ലഹരിവിമുക്തരായ വ്യക്തികളെ മാത്രമേ അംഗങ്ങളാക്കൂ എന്ന മാതൃകാപരമായ നിലപാടോടെ, പ്രദേശത്തെ വലിയ വിഭാഗം യുവത്വത്തെ ലഹരിയിൽ നിന്ന് അകറ്റി നിർത്താൻ കഴിഞ്ഞ 23 വർഷത്തെ പ്രവർത്തനം കൊണ്ട് ഗ്രാസ്‌വേ എന്ന സംഘടനയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
തുടർ പ്രവർത്തനമായി വിവിധ പ്രായത്തിലുള്ളവരെ ഉൾപ്പെടുത്തി ഷട്ടിൽ ടൂർണമെൻ്റ് സംഘടിപ്പിയ്ക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.