ദില്ലി: ഇന്ന് മുതൽ ഞായറാഴ്ച്ച വരെ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഹാരാഷ്ട്രയിലെയും ഗോവയിലെയും നിരവധി തീരദേശ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മെയ് 23 ന് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിക്കുന്ന ഗോവ, റായ്ഗഡ്, രത്നഗിരി എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ കാലയളവിൽ മുംബൈ, താനെ, പാൽഘർ, സിന്ധുദുർഗ്, പൂനെ, സത്താറ എന്നിവിടങ്ങളിലെ ഘാട്ടുകളിൽ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്.
മെയ് 23, 24 തീയതികളിൽ മുംബൈയിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ മഴയും ഇടിമിന്നലോടുകൂടിയ കാറ്റും ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. തെക്കൻ കൊങ്കൺ, ഗോവ തീരത്ത് കിഴക്കൻ-മധ്യ അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടുന്നതാണ് ഈ മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കൊങ്കണിലും മഹാരാഷ്ട്രയുടെ മറ്റ് ഭാഗങ്ങളിലും ഇത് കൂടുതൽ ശക്തമാകാനും ശക്തമായ മഴ പെയ്യാനും സാധ്യതയുണ്ട്.