ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിനിടെ പാകിസ്താന്‍ തൊടുത്തുവിട്ട അറുന്നൂറിലധികം ഡ്രോണുകള്‍ ഇന്ത്യ തകര്‍ത്തതായി പ്രതിരോധവൃത്തങ്ങള്‍. പാക് പ്രകോപന സാധ്യതകളെ മുന്‍കൂട്ടിക്കണ്ട് വ്യോമപ്രതിരോധ രംഗത്ത് ഇന്ത്യ നടത്തിയ ദ്രുതനീക്കമാണ് ദൗത്യം വിജയകരമാക്കിയതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
ഇന്ത്യ എസ്-400 ട്രയംഫ് സംവിധാനം, ബരാക്-8, ആകാശ് മിസൈല്‍, ഡിആര്‍ഡിഒയുടെ ആന്റി-ഡ്രോണ്‍ സാങ്കേതികവിദ്യ എന്നിവ പ്രയോഗിച്ചാണ് ഇന്ത്യ പാക് ഭീഷണികളെ തടയിട്ടത്. പാക് പ്രകോപനങ്ങളെ നേരിടാന്‍ ഇന്ത്യ പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ആയിരത്തോളം തോക്കുധാരികളെയും 750-ലധികം ചെറിയ-ഇടത്തരം ദൂരപരിധിയുള്ള മിസൈല്‍ സംവിധാനങ്ങളും സജ്ജമാക്കിയിരുന്നു.
ഇന്ത്യ ലക്ഷ്യമാക്കിയുള്ള പാകിസ്താന്റെ വ്യോമനീക്കങ്ങളെ ഫലപ്രദമായി തടയിടാന്‍ സമയോചിതമായ നീക്കത്തിലൂടെ സേനയ്ക്ക് സാധിച്ചു. പാക് ഡ്രോണുകളും മിസൈലുകളും ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെത്തിയതായി കേന്ദ്രം നേരത്തേ അറിയിച്ചിരുന്നു.
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി പാകിസ്താനിലെയും പാക് അധീന കശ്മീരിലെയും ഒന്‍പത് ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിരുന്നു. നൂറോളം ഭീകരരാണ് ഇന്ത്യയുടെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടത്. ഇതോടെയാണ് പാകിസ്താന്‍ ഡ്രോണുകളും മിസൈലുകളും പ്രയോഗിച്ച് പ്രത്യാക്രമണത്തിന് മുതിര്‍ന്നത്.