അമേരിക്കയിലേക്ക് വമ്പന്‍ നിക്ഷേപം ഉറപ്പാക്കി: ട്രംപിന്റെ ഗള്‍ഫ് പര്യടനത്തിന് സമാപനം



ദുബായ് : അറബ് രാജ്യങ്ങളുമായുള്ള അടുപ്പം വര്‍ധിപ്പിച്ചും അമേരിക്കയിലേക്ക് വമ്പന്‍ നിക്ഷേപം ഉറപ്പാക്കിയും ഡൊണാള്‍ഡ് ട്രംപിന്റെ ഗള്‍ഫ് പര്യടനത്തിന് സമാപനം. ലോകത്തിലെ രണ്ടാമത്തെ വലിയ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് പഠന കേന്ദ്രം ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അബുദാബിയില്‍ ഉദ്ഘാടനം ചെയ്തു. അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റായും ഡൊണാള്‍ഡ് ട്രംപ് മാറി.

ഗാസ യുദ്ധവും ഇന്ത്യാ- പാക്ക് സംഘര്‍ഷവും ഇറാന്റെ ആണവപരീക്ഷണങ്ങളും അടക്കം നീറുന്ന നിരവധി വിഷയങ്ങളുണ്ടായിരുന്നെങ്കിലും നിക്ഷേപവും വ്യാപാരവുമായിരുന്നു ട്രംപിന്റെ നാലുദിവസത്തെ സന്ദര്‍ശനത്തിന്റെ കാതല്‍. സൗദി അറേബ്യ, ഖത്തര്‍, യുഎഇ എന്നിവിടങ്ങളില്‍ നിന്നായി ഏതാണ്ട് നാലു ലക്ഷം കോടി ഡോളറിന്റെ നിക്ഷേപം ഉറപ്പാക്കിയാണ് ട്രംപിന്റെ മടക്കം. ഒരുലക്ഷത്തി നാല്‍പതിനായിരം കോടി ഡോളറിന്റെ നിക്ഷേപം യുഎഇ മാത്രം പ്രഖ്യാപിച്ചു. ഇതിന് പുറമെ ബോയിംഗ് വിമാനങ്ങള്‍ വാങ്ങാന്‍ ഇത്തിഹാദ് എയര്‍വെയ്‌സ് 14.5 ബില്യണ്‍ ഡോളര്‍ ചെലവിടും. 600 ബില്യണ്‍ ഡോളര്‍ നിക്ഷേപം സൗദി അറേബ്യയും പ്രഖ്യാപിച്ചിട്ടുണ്ട്. 90 ബില്യണ്‍ഡോളര്‍ മുടക്കി 210 ബോയിംഗ് ജെറ്റ് വിമാനങ്ങള്‍ക്കുള്ള കരാറാണ് ഖത്തര്‍ നല്‍കിയത്. സിറിയക്ക് മേലുള്ള ഉപരോധം പിന്‍വലിച്ചതും പ്രസിഡന്റ് അഹമ്മദ് അല്‍ ഷാരെയുമായുള്ള കൂടിക്കാഴ്ചയുമാണ് നയതന്ത്ര രംഗത്തെ പ്രധാന നീക്കം. തുര്‍ക്കി പ്രസിഡന്റുമായി വീഡിയോകോണ്‍ഫറന്‍സ് നടത്തിയ ട്രംപ് ഇറാനോടുള്ള മൃദുസമീപനവും വ്യക്തമാക്കി. സമാധാനമാണ് ബിസിനസിന് വേണ്ടതെന്ന സന്ദേശം മൂന്നു രാജ്യങ്ങളിലെയും കൂടിക്കാഴ്ചയില്‍ ട്രംപ് മുന്നോട്ടുവച്ചു. സന്ദര്‍ശനത്തിന്റെ അവസാന ദിവസം മതസൗഹാര്‍ദത്തിന്റെ മാതൃകയായ അബുദാബിയിലെ അബ്രഹാമിക് ഫാമിലി ഹൗസ് ട്രംപ് സന്ദര്‍ശിച്ചു. മാത്രമല്ല, അമേരിക്കയ്ക്ക് പുറത്തുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ ആര്‍ട്ടിഫിഷന്‍ ഇന്റലിജന്‍സ് പഠന കാമ്പസിന്റെ ഉദ്ഘാടനത്തിനും സാക്ഷിയായി. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനോടൊപ്പമാണ് ട്രംപ് ചടങ്ങില്‍ പങ്കെടുത്തത്. സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയതുപോലെ ട്രംപിനെ യാത്രയാക്കാനും യുഎഇ പ്രസിഡന്റ് അബുദാബി വിമാനത്താവളത്തിലെത്തിയിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال