മലപ്പുറം: കാളികാവിലെ തോട്ടം തൊഴിലാളിയെ കടുവ് ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ വനം മന്ത്രിക്കെതിരേ അധിക്ഷേപ പരാമര്‍ശവുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ്. മനുഷ്യന്‍ മരിക്കുമ്പോള്‍ ചിരിക്കുകയും മൃഗങ്ങള്‍ മരിക്കുമ്പോള്‍ കരയുകയും ചെയ്യുന്ന കടല്‍ക്കിഴവനാണ് വനംമന്ത്രി എ.കെ. ശശീന്ദ്രന്‍ എന്ന് വി.എസ് ജോയ് പറഞ്ഞു. കാളികാവിലെ കരുവാരക്കുണ്ട് ഫോറസ്റ്റ് സ്റ്റേഷനിലേക്ക് നടത്തിയ കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുമ്പോഴാണ് ജോയ് വിവാദ അധിക്ഷേപ പരാമര്‍ശം നടത്തിയത്.
മനുഷ്യന്റെ ചോരകൊണ്ട് ഇനിയും മലനിരകള്‍ ചുവപ്പിക്കാനാണ് ഭാവമെങ്കില്‍ പശ്ചിമഘട്ടം കത്തിച്ചാമ്പലാകുമെന്നും ജോയ് പറഞ്ഞു. അയാളുടെ കയ്യുംകാലും കെട്ടി കടുവാക്കൂട്ടിലിട്ടാലേ പ്രാണഭയം എന്താണെന്ന് മനസ്സിലാക്കൂ. ഈ നാട് അനുഭവിക്കുന്ന അവസ്ഥ എന്താണെന്ന് അപ്പോഴേ മനസ്സിലാക്കൂ. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ കഴിഞ്ഞില്ലെങ്കില്‍ ചൂട്ടുകറ്റ എടുക്കേണ്ടിവരും, ജോയ് പറഞ്ഞു.
തോട്ടം തൊഴിലാളി ഗഫൂറലിയെ കടുവ പിടിച്ച സംഭവത്തില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്. പുറ്റമണ്ണയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഫോറസ്റ്റ് സ്റ്റേഷന്റെ 100 മീറ്റര്‍ അകലെ പോലീസ് തടത്തു. പോലീസിനെ തള്ളിമാറ്റി മുന്നോട്ട് നീങ്ങാന്‍ പ്രതിഷേധക്കാര്‍ ശ്രമിച്ചെങ്കിലും പോലീസുകാര്‍ കയറുകെട്ടി തടഞ്ഞു.
മമ്പാടന്‍ മജീദ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി ആലിപ്പെറ്റ ജമീല, ബ്ലോക്ക്‌കോണ്‍ഗ്രസ് പ്രസിഡണ്ട് ജോജി കെ. അലക്‌സ്, മണ്ഡലം പ്രസിഡന്റ് ഐ. മുജീബ് റഹ്‌മാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.