മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മാനേജ്‌മെന്റ് ഗ്രൗണ്ട് സർവീസുകൾ കൈകാര്യം ചെയ്യുന്ന തുർക്കി കമ്പനിയുമായുള്ള കരാർ ഉടനെ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഏക്‌നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേന പ്രതിഷേധ പ്രകടനം നടത്തി. പത്ത് ദിവസത്തെ അന്ത്യശാസനമാണ് നൽകിയിരിക്കുന്നത്. നടപടി ഉണ്ടായില്ലെങ്കിൽ മുംബൈ വിമാനത്താവളത്തിൽ പതിനായിരത്തിലധികം പേരുടെ ഒരു മാർച്ച സംഘടിപ്പിക്കുവാനാണ് തീരുമാനം.
ശിവസേന എംഎൽഎ മുർജി പട്ടേലിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധ പ്രകടനം. “തുർക്കി പാകിസ്ഥാനെ സഹായിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം ഉയർന്നിരിക്കുന്നത്. തുർക്കി കമ്പനികൾക്ക് ഇവിടെ നിന്ന് വരുമാനം നേടാൻ അനുവദിക്കാനാകില്ലെന്ന നിലപാടിലാണ് ശിവസേന. തുർക്കിയിലെ കമ്പനികൾ ഇവിടെ നിന്ന് വരുമാനം നേടുകയും പാകിസ്ഥാനെ സഹായിക്കുകയും ചെയ്യുന്നത് വച്ച് പൊറുപ്പിക്കില്ലെന്നും പട്ടേൽ വ്യക്തമാക്കി. മുംബൈ പോലീസ് കമ്മീഷണറെയും പാർട്ടി വിവരം അറിയിച്ചു.
“ഒരു തുർക്കി സ്ഥാപനത്തെയും ഇവിടെ പ്രവർത്തിക്കാൻ ഞങ്ങൾ അനുവദിക്കില്ല. അത്തരം കമ്പനികളെ തിരിച്ചറിഞ്ഞ് അവരോട് പോകാൻ ആവശ്യപ്പെടും,” മഹാരാഷ്ട്രയിൽ ഒരു തുർക്കി കമ്പനിക്കും കരാർ നൽകുന്നില്ലെന്ന് ശിവസേന ഉറപ്പാക്കുമെന്നും പട്ടേൽ പറഞ്ഞു.