'കാന്താര' രണ്ടാംഭാഗത്തിലെ നടനും കന്നഡ- തുളു ടെലിവിഷന്‍ താരവുമായ രാകേഷ് പൂജാരി (33) മരിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഉഡുപ്പിയില്‍ സുഹൃത്തിന്റെ വിവാഹവുമായി ബന്ധപ്പെട്ട മെഹന്ദി ചടങ്ങിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഉഡുപ്പിയിലെ മിയാറില്‍ സുഹൃത്തിന്റെ മെഹന്ദിക്കിടെ മറ്റ് സുഹൃത്തുക്കളുമായി സംസാരിച്ചുനില്‍ക്കുകായിരുന്നു. ഇതിനിടെ കുഴഞ്ഞുവീണ രാകേഷ് പൂജാരിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് നിഗമനം.
അസ്വാഭാവികമരണത്തിന് കര്‍കാല ടൗണ്‍ പോലീസ് കേസെടുത്തു. ഞായറാഴ്ച 'കാന്താര'യുടെ ചിത്രീകരണത്തിന് ശേഷമാണ് താരം മെഹന്ദി ചടങ്ങിനായി ഉഡുപ്പിയിലേക്ക് പോയത്. ചിത്രത്തിലെ രാകേഷിന്റെ ഭാഗം പൂര്‍ണ്ണമായും ചിത്രീകരിച്ചുകഴിഞ്ഞിരുന്നതായാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ രാകേഷ് പ്രധാനകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം.
കോമഡി കില്ലാഡികളു 3 റിയാലിറ്റി ഷോ ജേതാവാണ് രാകേഷ്. ഇതോടെ ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമായി രാകേഷ് മാറി. ഏതാനും തുളു, കന്നഡ ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്.