ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കും: പാകിസ്ഥാൻ പ്രധാനമന്ത്രി



ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികർ സംയമനം പാലിക്കണമെന്നും, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന് നിർദ്ദേശം നൽകിയത്.

വെടിനിർത്തൽ സുഗമമായി നടപ്പിലാക്കുന്നതിനായി ആശയവിനിമയം നടത്തി പരിഹാരം ഉണ്ടാക്കണം. സൈനികർ സംയമനം പാലിക്കണം- പാകിസ്ഥാൻ ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി. സിന്ധു നദീ ജലവിഭജനം, കശ്മീർ വിഷയം, മറ്റ് തർക്കവിഷയങ്ങൾ എന്നിവയും വൈകാതെ പരിഹരിക്കപ്പെടുമെന്നും ഷഹബാസ് ഷെരീഫ് പറഞ്ഞു. നേരത്തെ ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണയെ പ്രശംസിച്ചും, അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് നന്ദി പറഞ്ഞും ഷെരീഫ് എക്സിൽ പോസ്റ്റിട്ടിരുന്നു. സമാധാനത്തിനായി പ്രസിഡന്റ് ട്രംപ് മുൻകയ്യെടുത്ത് നടത്തിയ നീക്കത്തിന് ഞങ്ങൾ നന്ദി പറയുന്നുവെന്നായിരുന്നു കുറിപ്പ്.  
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال