ഇന്ത്യക്കുനേരെ പാകിസ്താൻ ഹാക്കർമാരുടെ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമങ്ങള്‍: വിജയകരമായി അതിജീവിച്ച് ഇന്ത്യ



ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തിനു പിന്നാലെ ഇന്ത്യക്കുനേരെ പാകിസ്താൻ ഹാക്കർമാരുടെ 15 ലക്ഷത്തിലധികം സൈബര്‍ ആക്രമണ ശ്രമങ്ങള്‍ ഉണ്ടായതായി മഹാരാഷ്ട്രയിലെ സൈബര്‍ വിദഗ്ധര്‍. പാകിസ്താന്‍, ബംഗ്ലാദേശ്, ഇന്‍ഡൊനീഷ്യ, മൊറോക്കോ, മിഡില്‍ ഈസ്റ്റ് തുടങ്ങിയ കേന്ദ്രങ്ങളില്‍നിന്നാണ് ആക്രമണ ശ്രമമുണ്ടായതെന്നും ഇതിനെയെല്ലാം ഇന്ത്യ വിജയകരമായി അതിജീവിച്ചതായും ഇന്ത്യാ ടുഡേയുടെ റിപ്പോർട്ടിൽ പറയുന്നു.

ഇന്ത്യയിലുടനീളമുള്ള നിര്‍ണായക ഇന്‍ഫ്രാസ്ട്രക്ചര്‍ വെബ്‌സൈറ്റുകളെ ലക്ഷ്യമിട്ടാണ് ആക്രമണ നീക്കമുണ്ടായത്. ഇന്ത്യയും പാകിസ്താനും തമ്മില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നതിനുശേഷവും ആക്രമണങ്ങള്‍ തുടര്‍ന്നെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
പാക് ഹാക്കർമാരിൽനിന്നുണ്ടായ 15 ലക്ഷത്തിലധികം ആക്രമണ ശ്രമങ്ങളിൽ 150 ആക്രമണങ്ങള്‍ മാത്രമാണ് വിജയിച്ചത്. ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ കരാറിനു പിന്നാലെ ഇന്ത്യയിലെ സര്‍ക്കാര്‍ വെബ്‌സൈറ്റുകള്‍ക്കുമേലുള്ള സൈബറാക്രമണങ്ങള്‍ കുറഞ്ഞതായും അന്വേഷണത്തില്‍ കണ്ടെത്തി. പക്ഷേ, പൂര്‍ണമായി അവസാനിച്ചിട്ടില്ല.
അതിനിടെ മുംബൈയിലെ ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളം, വ്യോമയാന സംവിധാനങ്ങള്‍, മുനിസിപ്പില്‍ നെറ്റ്‌വര്‍ക്കുകള്‍, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വെബ്‌സൈറ്റ് എന്നിവയ്ക്കുനേരെ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റശ്രമം ഉണ്ടായെന്ന അവകാശവാദം മഹാരാഷ്ട്രയിലെ ഒരു മുതിര്‍ന്ന സൈബര്‍ ഉദ്യോഗസ്ഥന്‍ നിഷേധിച്ചു.
ഭീകരവാദികള്‍ക്കെതിരായ ഇന്ത്യയുടെ സൈനിക നടപടിക്കു പിന്നാലെ 'റോഡ് ഓഫ് സിന്ദൂര്‍' എന്ന പേരില്‍ സൈബറാക്രമണങ്ങളുടെ ഒരു തരംഗമുണ്ടായതായി ഉദ്യോഗസ്ഥര്‍ വിശദീകരിച്ചു. ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, സംസ്ഥാന ഇന്റലിജന്‍സ് വകുപ്പ് എന്നിവയുള്‍പ്പെടെയുള്ള പ്രധാന ഏജന്‍സികള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ആക്രമണങ്ങളുടെ രീതിയും വ്യാപ്തിയും വിവരിക്കുന്നുണ്ട്. മാല്‍വെയര്‍ ഡിസ്ട്രിബ്യൂഷന്‍, DDoS ആക്രമണങ്ങള്‍, ജിപിഎസ് സ്പൂഫിങ്, വെബ്‌സൈറ്റ് ആക്രമണങ്ങള്‍ എന്നിവയാണ് ഹാക്കര്‍മാര്‍ നടത്തിയതെന്ന് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ഇന്ത്യയുടെ നിര്‍ണായക അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യംവെച്ചുള്ളവയടക്കം നിരവധി ആക്രമണങ്ങള്‍ തടഞ്ഞതായി അധികൃതര്‍ അറിയിച്ചു.
'റോഡ് ഓഫ് സിന്ദൂറി'ല്‍ വ്യക്തമാക്കുന്നതനുസരിച്ച്, ഏഴ് ഹാക്കിങ് സംഘത്തെ തിരിച്ചറിഞ്ഞിട്ടുണ്ട്. എപിടി 36, പാകിസ്താന്‍ സൈബര്‍ ഫോഴ്‌സ്, ടീം ഇന്‍സെയിന്‍ പികെ, മിസ്റ്റീരിയസ് ബംഗ്ലാദേശ്, ഇന്‍ഡോ ഹാക്‌സ് സെക്, സൈബര്‍ ഗ്രൂപ്പ് HOAX 1337, നാഷണല്‍ സൈബര്‍ ക്രൂ എന്നിവയെയാണ് തിരിച്ചറിഞ്ഞത്. കുല്‍ഗാവ് മുനിസിപ്പല്‍ കൗണ്‍സില്‍ വെബ്‌സൈറ്റ്, ജലന്ധറിലെ ഡിഫന്‍സ് നഴ്‌സിങ് കോളേജ് വെബ്‌സൈറ്റ് എന്നിവ വികൃതമാക്കിയത് ഉള്‍പ്പെടെ 150 എണ്ണത്തിൽ മാത്രമാണ് ഹാക്കര്‍മാര്‍ വിജയിച്ചത്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال