ബസ്സിടിച്ച് മാന്‍ ചത്ത സംഭവം: കസ്റ്റഡിയിലായ കെഎസ്ആര്‍ടിസി ബസിന് ഒടുവില്‍ മോചനമാകുന്നു



സുല്‍ത്താന്‍ബത്തേരി: ബസ്സിടിച്ച് മാന്‍ ചത്ത സംഭവത്തില്‍ കസ്റ്റഡിയിലായ കെഎസ്ആര്‍ടിസി സ്‌കാനിയ ബസിന് ഒടുവില്‍ മോചനമാകുന്നു. വനംവകുപ്പ് കസ്റ്റഡിയിലെടുത്ത് 24 ദിവസമായ ദീര്‍ഘദൂര അന്തസ്സംസ്ഥാന ബസ് വിട്ടുനല്‍കാന്‍ ബത്തേരി ജെഎഫ്സിഎം കോടതിയാണ് ഉത്തരവിട്ടത്.

ചൊവ്വാഴ്ച ബസിന്റെ സാക്ഷ്യപ്പെടുത്തിയ ചിത്രങ്ങള്‍ സഹിതം കോടതിയില്‍ സമര്‍പ്പിക്കുന്നതോടെ ബസ് കെഎസ്ആര്‍ടിസിക്ക് കൊണ്ടുപോകാനാകും. ബസ് വിട്ടുകിട്ടുന്നതിലേക്കായി നിര്‍ദേശിച്ച 13 ലക്ഷം രൂപ കെഎസ്ആര്‍ടിസി കോടതിയില്‍ കെട്ടിവെച്ചിട്ടുണ്ട്.
തിരുവനന്തപുരം ഡിപ്പോയിലെ ബസിന്റെ രേഖകള്‍ മുഴുവനായി ഹാജരാക്കാനും വൈകിയിരുന്നു. തിരുവനന്തപുരത്തുനിന്ന് ബെംഗളൂരുവിലേക്കുള്ള സര്‍വീസാണിത്. ഈ ബസ് കസ്റ്റഡിയിലായതോടെ മറ്റൊരു ബസ് ഈ സര്‍വീസ് നടത്തുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
ഏപ്രില്‍ 19-ന് രാവിലെയാണ് മുത്തങ്ങക്കടുത്ത് എടത്തറയില്‍ റോഡ് മുറിച്ചുകടക്കുന്ന പുള്ളിമാനിനെ സ്‌കാനിയ ബസ്സിടിച്ചത്. ലോഫ്‌ളോര്‍ ബസായതിനാല്‍ മാന്‍ അടിയില്‍ക്കുടുങ്ങുകയും കുറച്ചുദൂരം വലിച്ചിഴയ്ക്കുകയുംചെയ്തു. തുടര്‍ന്ന് വന്യജീവിസംരക്ഷണനിയമത്തില്‍ നായാട്ടിനുള്ള സെക്ഷന്‍ ഒന്‍പത് പ്രകാരം ഡ്രൈവറുടെ പേരില്‍ വനംവകുപ്പ് പൊന്‍കുഴി സെക്ഷന്‍ ഓഫീസ് കേസെടുക്കുകയും ബസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തില്‍ കുറിച്യാട് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തില്‍ കോടതിയില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. വാഹനം വിട്ടുനല്‍കിയശേഷം കേസില്‍ അന്തിമ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ നല്‍കും. തുടര്‍ന്ന് കോടതി ഡ്രൈവറെ വിളിച്ചുവരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കും. മൂന്നാഴ്ചയിലേറെയായി ബസ് ബത്തേരിയില്‍ വനംവകുപ്പിന്റെ ആര്‍ആര്‍ടി റെയ്ഞ്ച് ഓഫീസ് വളപ്പിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ബസിന്റെ മുന്‍ ബംപറിലും ടയറുകള്‍ക്കും കേടുപാടുണ്ട്. ഇത്രയും ദിവസമായി ഓടാത്തതിനാല്‍ കേടുപാടുകള്‍ തീര്‍ത്ത് വിശദമായ പരിശോധനയ്ക്ക് ശേഷമേ ബസ് നിരത്തിലിറക്കുകയുള്ളൂവെന്ന് അധികൃതര്‍ പറഞ്ഞു. സമയക്രമം നോക്കി ബെംഗളൂരുവിലേക്കോ തിരുവനന്തപുരത്തേക്കോ സര്‍വീസായാണ് അയക്കുക.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال