കൊച്ചി: മഹാരാജാസ് കോളേജിന് മുന്നില്‍ അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് കേസെടുത്തു. അഭിഭാഷകര്‍ നല്‍കിയ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന പത്ത് വിദ്യാര്‍ഥികളുടെ പേരിലാണ് പോലീസ് കേസ് എടുത്തിരിക്കുന്നത്. അതിനിടെ, മഹാരാജാസ് കോളേജിന് മുന്നില്‍ വിദ്യാര്‍ഥികളും അഭിഭാഷകരും തമ്മില്‍ ഇന്നും വാക്പോര് നടന്നു.
അഭിഭാഷകര്‍ മഹാരാജാസ് കോളേജ് മതില്‍ക്കെട്ടിനകത്ത് നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെ കല്ലും ബിയര്‍ കുപ്പികളും എറിയുന്ന ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. എറണാകുളം ജില്ലാ ബാര്‍ അസോസിയേഷന്റെ പരിപാടിയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കയറി പ്രശ്‌നമുണ്ടാക്കിയെന്ന് ആരോപിച്ചാണ് കഴിഞ്ഞ ദിവസം അഭിഭാഷകരും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷമുണ്ടായത്.
എന്നാല്‍, അഭിഭാഷകര്‍ മദ്യപിച്ച് വിദ്യാര്‍ഥിനികളോടടക്കം മോശമായി പെരുമാറിയതാണ് സംഘര്‍ഷത്തിന് കാരണമായതെന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ആരോപിച്ചത്. സംഘര്‍ഷത്തില്‍ പരിക്കേറ്റവരെ എറണാകുളം ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.