കൊല്ലം: വാഹനങ്ങളുടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകളും (ആർസി) ഡ്രൈവിങ് ലൈസൻസും എടിഎം കാർഡ് മാതൃകയിലുള്ള പെറ്റ് ജി കാർഡിലേക്ക് മാറ്റുന്നതിന് മോട്ടോർവാഹന വകുപ്പ് നൽകിയ കരാർ കുരുക്കിൽ. ബെംഗളൂരു ആസ്ഥാനമായ കമ്പനിയുമായുണ്ടാക്കിയ കരാർ ധന, നിയമ വകുപ്പുകൾ അറിയാതെ ഒപ്പിട്ടതാണ് കാരണം. കാർഡിനായി 200 രൂപയും 45 രൂപ തപാൽ ഫീസും അടച്ച പതിനായിരക്കണക്കിന് ഗുണഭോക്താക്കൾക്ക് ഇതേത്തുടർന്ന് സുരക്ഷാ സംവിധാനങ്ങളുള്ള ആർസി, ലൈസൻസ് കാർഡുകൾ ലഭിച്ചിട്ടില്ല.
മോട്ടോർവാഹന വകുപ്പിന്റെ ഫാസ്റ്റ് (ഫുള്ളി ഓട്ടോമേറ്റഡ് സർവീസ് ഇൻ ട്രാൻസ്പോർട്ട്) എന്ന അക്കൗണ്ടിൽ 25 കോടിയിലേറെ രൂപ കെട്ടിക്കിടപ്പുണ്ടെന്നാണ് വിവരം. ലൈസൻസ്, ആർസി അപേക്ഷകരിൽനിന്ന് പിരിച്ച തുകയാണിത്. ധന, നിയമ വകുപ്പുകൾ അറിയാതെ ഒപ്പിട്ട കരാർ സംബന്ധിച്ച് കഴിഞ്ഞ സാമ്പത്തിക വാർഷത്തിന്റെ തുടക്കത്തിൽത്തന്നെ ധനവകുപ്പ് വിയോജനക്കുറിപ്പ് എഴുതിയിരുന്നു. ഇതിനുപിന്നാലെ ചേർന്ന ‘ഫാസ്റ്റ് കമ്മിറ്റി’ കമ്പനിക്ക് പണം നൽകണമെങ്കിൽ മന്ത്രിസഭാ തീരുമാനം വേണമെന്ന് നിർദേശിച്ചു. ഗതാഗത, ധന, നിയമവകുപ്പ് സെക്രട്ടറിമാർ അടങ്ങുന്ന ഈ സമിതിയുടെ നിർദേശത്തോടെ കാർഡ് അച്ചടിക്ക് പണം നൽകാനാകാതെ വരികയായിരുന്നു. കമ്പനി കാർഡ് അച്ചടി നിർത്തുകയും ചെയ്തു.
ഒരുവർഷമായിട്ടും ഇതുസംബന്ധിച്ച് മന്ത്രിസഭാ തീരുമാനമൊന്നും വന്നിട്ടില്ലെന്നാണ് വിവരം. അന്ന് ഗതാഗതവകുപ്പിന്റെ തലപ്പത്തുള്ളവർ ചേർന്നാണ് ബെംഗളൂരു കമ്പനിയുമായി പെറ്റ് ജി കാർഡ് അച്ചടിക്ക് കരാറുണ്ടാക്കിയത്. അച്ചടി പ്രതിസന്ധിയിലായതോട നവംബർ ഒന്നുമുതൽ ലൈസൻസും മാർച്ച് ഒന്നുമുതൽ ആർസിയും പരിവാഹൻ സൈറ്റിൽനിന്ന് സ്വയം ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കണമെന്ന് മോട്ടോർവാഹന വകുപ്പ് അറിയിക്കുകയും ചെയ്തു. എന്നാൽ ഇതിനുമുൻപുള്ള അപേക്ഷകരിൽനിന്ന് മോട്ടോർവാഹന വകുപ്പ് പണം ഈടാക്കിയിരുന്നു. ഇവരോടും ഇപ്പോൾ ഡൗൺലോഡ് ചെയ്ത് പ്രിന്റ് എടുക്കാനാണ് പറയുന്നത്. ഇവരിൽനിന്ന് ഈടാക്കിയ പണം തിരികെ കൊടുക്കുന്നതു സംബന്ധിച്ച് മോട്ടോർവാഹന വകുപ്പ് ഒന്നും മിണ്ടിയിട്ടില്ല.