കൊച്ചി: സ്‌കൂള്‍ പാഠപുസ്തക അച്ചടി പുരോഗമിക്കുന്നതിനിടെ 'പുറം അച്ചടിയെ' ചൊല്ലി കാക്കനാട്ടെ കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റി (കെബിപിഎസ്) യില്‍ മാനേജ്മെന്റും തൊഴിലാളികളും കൊമ്പുകോര്‍ക്കുന്നു. പാഠപുസ്തക അച്ചടിക്ക് വേഗംപോരെന്ന് കെബിപിഎസ് മാനേജ്‌മെന്റും പഴക്കംചെന്ന യന്ത്രങ്ങള്‍ പണിമുടക്കുന്നതാണ് അച്ചടിയുടെതാളം തെറ്റിക്കുന്നതെന്ന് തൊഴിലാളികളും വാദിക്കുന്നു. ഇരുകൂട്ടരും തമ്മിലുള്ള പോരിനിടെ മാനേജ്‌മെന്റ് കഴിഞ്ഞദിവസം പുറത്തിറക്കിയ 'ഓര്‍മ്മപ്പെടുത്തല്‍' നോട്ടീസ് പുതിയ വിവാദത്തിനും തിരികൊളുത്തി.
അച്ചടി സമയബന്ധിതമായി പൂര്‍ത്തീകരിക്കാനായില്ലെങ്കില്‍ പുറംകരാര്‍ നല്‍കേണ്ടിവരുമെന്ന മുന്നറിയിപ്പാണ് നോട്ടീസിലുള്ളത്. 'ജീവനക്കാരുടെ അഭാവം കാരണം യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത സാഹചര്യമായതിനാല്‍ ജീവനക്കാര്‍ അനാവശ്യ അവധിയെടുക്കുന്നത് ഒഴിവാക്കണം. ഒന്നാംവോള്യം പൂര്‍ത്തീകരിക്കുംവരെ അച്ചടിയും വിതരണവുമായി ബന്ധപ്പെട്ട സെക്ഷനുകളിലെ ജീവനക്കാരും ഉദ്യോഗസ്ഥരും അവധിയെടുക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നോട്ടീസിലുണ്ട്.
അച്ചടിയന്ത്രങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താത്പര്യം കാണിക്കാത്ത മാനേജ്മെന്റിന് പുറംകരാര്‍ നല്‍കാനാണ് തിടുക്കമെന്ന് തൊഴിലാളികള്‍ ആരോപിച്ചു. പുസ്തകം അച്ചടിക്കുന്നത് ഏറെ പഴക്കമുള്ള നാലുയന്ത്രങ്ങളിലാണ്. ഒന്നാംവോള്യത്തിന്റെ അച്ചടി തുടങ്ങും മുന്‍പേ മെഷീനുകള്‍ പൂര്‍ണമായും അഴിച്ച് കേടുപാടുകള്‍ തീര്‍ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാല്‍ തട്ടിക്കൂട്ടുപണി ചെയ്തതിനാല്‍ നാലുയന്ത്രങ്ങളും മാറിമാറി പണിമുടക്കുന്നത് അച്ചടിയെ ബാധിക്കുകയാണ്. ദൈനംദിനം മൂന്ന് ഷിഫ്റ്റുകളില്‍ നിര്‍ത്താതെയാണ് ഈ പഴകിയ യന്ത്രങ്ങള്‍ ഓടുന്നത്. യന്ത്രങ്ങളുടെ പണിമുടക്കുകാരണം ഇത്തവണ 25 ലക്ഷത്തോളം കോപ്പികളുടെ കുറവാണ് അച്ചടിയില്‍ ഉണ്ടായിട്ടുള്ളതെന്നും തൊഴിലാളികള്‍ ചൂണ്ടിക്കാട്ടുന്നു. പണിമുടക്കുന്ന യന്ത്രങ്ങള്‍ നേരെയാക്കാന്‍തന്നെ ഒരാഴ്ചയോളം പിടിക്കും. ഇതൊക്കെ മറച്ചുവെച്ച് ഇത്തരം നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് തൊഴിലാളിസംഘടനകളുടെ ആരോപണം.
പാഠപുസ്തകം അച്ചടിച്ച വകയില്‍ 370-ഓളം കോടി രൂപയാണ് കെബിപിഎസിന് സര്‍ക്കാര്‍ നല്‍കാനുള്ളത്. വിദ്യാഭ്യാസവകുപ്പിന്റെ പ്രിന്റിങ് ഓര്‍ഡര്‍പ്രകാരം ഒന്നാം വോള്യത്തില്‍ മാറ്റമുള്ളതും ഇല്ലാത്തതുമായി 3.95 കോടി പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്. കഴിഞ്ഞ അധ്യയനവര്‍ഷം ഒന്ന്, രണ്ട്, മൂന്ന് വോള്യങ്ങളിലായി 5.90 കോടി പുസ്തകങ്ങളാണ് അച്ചടിച്ചത്. ഇത്തവണ മൂന്നാംവോള്യം ഒഴിവാക്കി, രണ്ടുവോള്യങ്ങളില്‍ മാത്രമായി ആറു കോടിയിലധികം പുസ്തകങ്ങളാണ് അച്ചടിക്കേണ്ടത്.
62 ശതമാനം പൂര്‍ത്തിയായെന്ന് എംഡി
പാഠപുസ്തകങ്ങളുടെ അച്ചടി വേഗത്തില്‍ മുന്നേറുകയാണെന്നും 62 ശതമാനം പൂര്‍ത്തിയായെന്നും കെബിപിഎസ് എംഡി സുനില്‍ ചാക്കോ പറഞ്ഞു. തൊഴിലാളികള്‍ ഈ സമയത്ത് അനാവശ്യമായ അവധിയെടുക്കുന്നത് ഒഴിവാക്കാനും വേഗത്തില്‍ അച്ചടി പൂര്‍ത്തിയാക്കാനുമാണ് നോട്ടീസ് ഇറക്കിയത്. അത് പതിവായി ചെയ്യാറുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.