തിരുവനന്തപുരം: കേരളം സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷര കേരളമായി. വിവരസാങ്കേതികമേഖലയിലെ മുന്നേറ്റത്തിന്റെ ഗുണം മുഴുവനാള്‍ക്കും കിട്ടാന്‍ പ്രായോഗികപരിശീലനം നല്‍കിയാണ് ലക്ഷ്യം കൈവരിച്ചത്. രാജ്യത്തെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷരതാ സംസ്ഥാനമാകാന്‍ ഇനി പ്രഖ്യാപനമേ വേണ്ടൂ. 14 വയസ്സിനു മുകളിലുള്ള ഡിജിറ്റല്‍ നിരക്ഷരരെ സര്‍വേയിലൂടെ കണ്ടെത്തി പ്രത്യകപാഠ്യപദ്ധതിയിലൂടെയാണ് സാക്ഷരരാക്കിയത്.
ഇന്ത്യയിലെ ആദ്യ സമ്പൂര്‍ണ ഡിജിറ്റല്‍സാക്ഷര ഗ്രാമപ്പഞ്ചായത്തായി തിരുവനന്തപുരം പുല്ലമ്പാറയെ നേരത്തേതന്നെ തിരഞ്ഞടുത്തിട്ടുണ്ട്. ആ മാതൃകയാണ് കേരളമാകെ നടപ്പാക്കിയത്. മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് എല്ലാസേവനങ്ങളും സ്വന്തമായി നേടാന്‍ എല്ലാവരെയും പ്രാപ്തരാക്കുക, സൈബര്‍ത്തട്ടിപ്പുകളില്‍ ഇരയാകുന്നത് തടയുക തുടങ്ങിയവയാണ് ലക്ഷ്യം.
വിജയിച്ചത് ഇങ്ങനെ
സ്മാര്‍ട്ട്ഫോണ്‍ ഓണാക്കുക-ഓഫാക്കുക, വിളിക്കുക-വിളി സ്വീകരിക്കുക, മെസേജ് അയക്കുക-സ്വീകരിക്കുക, പുതിയ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ചെയ്യുക, ഇ-മെയില്‍ അയക്കുക-സ്വീകരിക്കുക, സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനില്‍ സ്വന്തമായി പ്രൊഫൈല്‍ ഉണ്ടാക്കുക-ടെക്സ്റ്റ് മെസേജുകള്‍ അയക്കുക-സ്വീകരിക്കുക, വോയ്സ് മെസേജ് അയക്കുക-സ്വീകരിക്കുക, ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ വീഡിയോ കോണ്‍ഫറന്‍സ് ചെയ്യുക, ഗൂഗിള്‍വഴി വിവരങ്ങളും ചിത്രങ്ങളും ശേഖരിക്കുക, യുട്യൂബില്‍ വീഡിയോകാണുക, ഓണ്‍ലൈനായി പാചകവാതക സിലിന്‍ഡര്‍ ബുക്കുചെയ്യുക, വൈദ്യുതിബില്‍ അടയ്ക്കുക, ഫോണില്‍ സെല്‍ഫിയെടുക്കുക.