വാട്‌സാപ്പ് വഴി കോപ്പിയടി: പ്രതി ഒളിവിൽ തന്നെ



തിരുവനന്തപുരം: കാര്യവട്ടം ഗവൺമെന്റ് കോളേജിൽ ബിഎസ്‌സി സ്റ്റാറ്റിസ്റ്റിക്‌സ് പരീക്ഷയിൽ വാട്‌സാപ്പ് വഴി കോപ്പിയടിച്ച സംഭവത്തിൽ പ്രതിയായ ആദർശ് ഒളിവിൽ തുടരുന്നു. ഇത് സംബന്ധിച്ച്‌ സർവകലാശാല ഇതുവരെയും പോലീസിന് പരാതി നൽകിയില്ല. പരാതി ലഭിച്ചാൽ മാത്രമേ കേസിൽ അറസ്റ്റുൾപ്പെടെയുള്ള തുടർനടപടികൾ സ്വീകരിക്കാൻ കഴിയുകയുള്ളൂ.

സംഭവം നടന്ന് ഒരാഴ്ചയോളമായിട്ടും പ്രതി ആദർശിനെ പിടികൂടാനായില്ല. കഴക്കൂട്ടം പോലീസിന്‌ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊബൈൽ ഫോൺ സിഗ്നലുകൾ പിന്തുടർന്ന് ക്രമക്കേട് കണ്ടുപിടിച്ചത്.
മാർച്ച 12-ന് നടന്ന സംഭവത്തിൽ കോളേജിൽനിന്നു വെള്ളിയാഴ്ച വരെ റിപ്പോർട്ടൊന്നും കിട്ടിയിട്ടില്ലെന്നായിരുന്നു സർവകലാശാല നിലപാട്. എന്നാൽ സംഭവം നടന്നദിവസം തന്നെ പ്രാഥമിക റിപ്പോർട്ടയച്ചെന്നും 13-ന് അവധിയായതിനാൽ വിദ്യാർഥിയിൽനിന്നു പിടിച്ചെടുത്ത ഫോണുകൾ, ഉത്തരക്കടലാസ് എന്നിവ 14-ന് സർവകലാശാലക്ക് കൈമാറിയെന്നുമാണ് കോളേജധികൃതർ പറഞ്ഞത്.
ഇതുപ്രകാരമായാലും സംഭവം നടന്ന് രണ്ടുദിവസത്തിന് ശേഷമാണ് ഫോണുകൾ സർവകലാശാലയ്ക്ക് നൽകിയത്. അതിനിടയിൽ ഇവയിലുണ്ടായിരുന്ന രേഖകളും സന്ദേശങ്ങളും മായ്ച്ചു കളഞ്ഞിട്ടുണ്ടോയെന്ന് സംശയമുയരുന്നുണ്ട്. കോപ്പിയടിച്ച കുളത്തൂർ സ്വദേശിയായ ആദർശ് മുൻപ് പലതവണ പരീക്ഷാ ക്രമക്കേടിന് ശ്രമിച്ചതായി ആരോപണമുണ്ട്.
ഇക്കഴിഞ്ഞ 12-നും പരീക്ഷാ സമയത്തിന് വളരെ മുൻപേ ഇയാൾ കോളേജിലെത്തി ഹാളിലുൾപ്പെടെ കയറിയെന്നാണ് വിവരം.കോളേജിൽ പരീക്ഷ നടക്കുന്ന സമയം കഴക്കൂട്ടം പോലീസ് മേനംകുളം കരിയിൽ സ്വദേശിയായ ആദർശ് എന്നു തന്നെ പേരുള്ള മറ്റൊരാളുടെ ഫോൺ ടവർ ലൊക്കേഷൻ പിന്തുടർന്ന് പരിശോധിച്ചതിലൂടെയാണ് ക്രമക്കേട് പുറത്തുവന്നത്.
ഈ ഫോണിലേക്ക് പരീക്ഷ എഴുതുന്ന ആദർശിന്റെ ഫോണിൽനിന്നു ചോദ്യപേപ്പർ വാട്‌സാപ്പ് മുഖേന വന്നതായും ഉത്തരങ്ങൾ തിരിച്ചയച്ചതായും കണ്ടെത്തി.തുടർന്ന് പോലീസ് കോളേജിൽ വിവരമറിയിച്ചു. കോളേജ് അധികൃതർ നടത്തിയ പരിശോധനയിലാണ് ആദർശിൽ നിന്നു രണ്ട് മൊബൈൽ ഫോണുകൾ കണ്ടെടുത്തത്. എന്നാൽ ഇതിനിടെ ഇയാൾ ക്ലാസിൽ നിന്നിറങ്ങിപ്പോയി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال