കൊല്ലം: കോളേജ് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്നശേഷം തീവണ്ടിക്കു മുന്നിൽച്ചാടി ജീവനൊടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചത് സൗഹൃദത്തിലുണ്ടായ വിള്ളലെന്ന് പോലീസിന്റെ പ്രഥമവിവര റിപ്പോർട്ട്. പ്രതിയായ നീണ്ടകര പരിമണം പുത്തൻതുറ തെക്കടത്ത് തേജസ് രാജ് കൊലപാതകം ലക്ഷ്യമിട്ടുതന്നെയാണ് വീട്ടിലെത്തിയതെന്നും റിപ്പോർട്ടിലുണ്ട്. തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിനായി കരുതിയ രണ്ട് പെട്രോൾ ടിന്നുകളിലൊന്ന് കാറിൽനിന്നു കണ്ടെത്തിയിരുന്നു. ഇയാൾ കൊണ്ടുവന്ന ലൈറ്ററും പിന്നീട് സംഭവസ്ഥലത്തുനിന്ന് കണ്ടെത്തി.
കൊല്ലപ്പെട്ട ഉളിയക്കോവിൽ വിളപ്പുറം മാതൃകാ നഗർ 160-ൽ ഫെബിൻ ജോർജ് ഗോമസിന്റെ സഹോദരിയും തേജസ് രാജും ഒന്നിച്ച് ബാങ്ക് പരീക്ഷാ പരിശീലനത്തിന് പഠിച്ചിരുന്നു. ഇവരുടെ സൗഹൃദം പിന്നീട് പ്രണയമായി. ഇരുവീട്ടുകാർ വിവാഹം നടത്താമെന്ന് ധാരണയിലുമെത്തി. പിന്നീട് പെൺകുട്ടിക്ക് കോഴിക്കോട്ട് പൊതുമേഖലാ ബാങ്കിൽ ജോലി ലഭിച്ചു. അതിനുശേഷം അഭിപ്രായവ്യത്യാസങ്ങളെത്തുടർന്ന് പെൺകുട്ടിയും കുടുംബവും തേജസ് രാജുമായുള്ള ബന്ധത്തിൽനിന്നു പിന്മാറി.
സിവിൽ പോലീസ് ഓഫീസർ പരീക്ഷ ജയിച്ചെങ്കിലും കായികക്ഷമതാ പരീക്ഷയിൽ ജയിക്കാനാകാതെവന്നതും തേജസ് രാജിനെ മാനസികമായി തളർത്തിയിരുന്നതായി പറയുന്നു. വിഷാദത്തിന് കൗൺസലിങ്ങിനും വിധേയനായി. ഇതിനിടെയാണ് യുവതിക്ക് മറ്റൊരു വിവാഹം നിശ്ചയിച്ചതായി തേജസ് രാജ് അറിയുന്നത്. ഇതാണ് യുവതിയുടെ മാതാപിതാക്കളോടും സഹോദരനോടുമുള്ള വൈരാഗ്യത്തിനിടയാക്കിയത്. സംഭവദിവസം രാവിലെയാണ് വീട്ടിൽനിന്നു കാറിൽ തേജസ് രാജ് പുറപ്പെട്ടത്. യുവതിയും വീട്ടിലുണ്ടാകുമെന്നുകരുതി അവരെ കൊലപ്പെടുത്താനാണ് പ്രതി പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്നും പോലീസ് കരുതുന്നു.
അക്രമം നടത്തിയയാളെപ്പറ്റിയുള്ള വിവരം വീട്ടുകാർ മറച്ചുവെച്ചു
കോളേജ് വിദ്യാർഥിയെ വീട്ടിൽക്കയറി കുത്തിക്കൊന്ന സംഭവത്തിൽ അക്രമം നടത്തിയയാളെപ്പറ്റിയുള്ള വിവരം വീട്ടുകാർ മറച്ചുവെച്ചെന്ന് പോലീസ്. കറുത്ത വസ്ത്രവും മുഖംമൂടിയും ധരിച്ച് എത്തിയത് തേജസാണെന്നു തിരിച്ചറിഞ്ഞിട്ടും ഇക്കാര്യം തുറന്നുപറയാൻ ഫെബിന്റെ പിതാവ് ജോർജ് ഗോമസും ഭാര്യയും തയ്യാറായിരുന്നില്ല. ജോർജ് ഗോമസിനും കുത്തേറ്റിരുന്നു. ആരാണ് വീട്ടിലെത്തി അക്രമം കാട്ടിയതെന്ന് അറിയില്ലെന്നാണ് കുടുംബം പോലീസിനെ അറിയിച്ചത്. വിശദമായി വിവരങ്ങൾ ചോദിച്ചപ്പോഴാണ് തേജസിനെപ്പറ്റി ഇവർ വെളിപ്പെടുത്തിയത്.
അപ്പോഴേക്കും അക്രമം നടത്തിയശേഷം തേജസ് കാറിൽ കയറി രക്ഷപ്പെട്ട് ചെമ്മാൻമുക്കിലെത്തിയിരുന്നു. കുറച്ചുനേരം കാത്തുനിന്നശേഷം തീവണ്ടിക്കു മുന്നിൽ ചാടി ജീവനൊടുക്കുകയും ചെയ്തു. തേജസാണ് ഫെബിനെ കുത്തിയതെന്ന് അറിയിച്ചിരുന്നെങ്കിൽ ഉടൻതന്നെ ഫോണിന്റെ ടവർ ലൊക്കേഷൻ കണ്ടെത്തി പിന്തുടരാനും പിടികൂടാനാകുമായിരുന്നെന്ന് പോലീസ് പറയുന്നു. സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ, അസിസ്റ്റന്റ് കമ്മിഷണർ എസ്. ഷെരീഫ്, ഈസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫീസർ എൽ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ, സംഭവം സംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
അന്വേഷണം ഊർജിതമാക്കി പോലീസ്
ഉളിയക്കോവിലിൽ വിദ്യാർഥിയായ ഫെബിൻ ജോർജ് ഗോമസിനെ കൊലപ്പെടുത്താനിടയായ കാരണം കണ്ടെത്താൻ പോലീസ് വിശദാന്വേഷണം തുടങ്ങി. ചൊവ്വാഴ്ച രാവിലെ പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. തിങ്കളാഴ്ച രാത്രി അടച്ചിട്ട ഫെബിന്റെ വീട്ടിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് ഈസ്റ്റ് എസ്എച്ച്ഒ എൽ. അനിൽകുമാറിന്റെ നേതൃത്വത്തിൽ തെളിവെടുപ്പ് നടത്തിയത്. ചോരപടർന്ന വീട്ടുമുറ്റം, പൈപ്പിൻചുവട്, മതിൽ, കുത്താൻ ഉപയോഗിച്ച കത്തി, പുറത്തേക്കോടിയ ഫെബിൻ വീണുകിടന്ന സ്ഥലം, തേജസ് കൊണ്ടുവന്ന ലൈറ്റർ എന്നിവ പോലീസ് പരിശോധിച്ചു.
വീട്ടുമുറ്റത്തും കാർ ഷെഡിന്റെ തൂണിലും മതിലിലുമെല്ലാം ചോരപ്പാടുകളുണ്ടായിരുന്നു. പിന്നീട് ഫെബിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് വീട് വൃത്തിയാക്കി. ചെമ്മാൻമുക്കിൽ കണ്ടെത്തിയ തേജസിന്റെ കാറിലും പോലീസ് പരിശോധന നടത്തി. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഫെബിന്റെ പിതാവ് ജോർജ് ഗോമസ് ശസ്ത്രക്രിയയ്ക്കുശേഷം തീവ്രപരിചരണവിഭാഗത്തിലാണ്. കൊല്ലം ശങ്കേഴ്സ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന തേജസിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോർട്ടത്തിനുശേഷം പുത്തൻതുറ എഎംസി ജങ്ഷനു സമീപത്തെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
വാട്സാപ്പ് ചാറ്റുകൾ പരിശോധിക്കും
പ്രതി തേജസ് രാജ് കൊല്ലാൻ പദ്ധതിയിട്ടാണ് ഫെബിന്റെ വീട്ടിൽ എത്തിയതെന്ന് സിറ്റി പോലീസ് കമ്മിഷണർ കിരൺ നാരായണൻ പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി വാട്സാപ്പ് ചാറ്റുകളും ഇലക്ട്രോണിക് തെളിവുകളും പോലീസ് ശേഖരിച്ചുവരികയാണ്. ഫെബിന്റെ സഹോദരിയുമായി സംസാരിച്ചു മൊഴി രേഖപ്പെടുത്തും. കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന ജോർജ് ഗോമസിന്റെ മൊഴി ശേഖരിച്ചുവരികയാണെന്നും കമ്മിഷണർ പറഞ്ഞു.