ഹരിപ്പാട്: 10 വർഷംമുൻപ് യുവാവിനെ കാണാതായ കേസിലെ അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ തിരച്ചിലിൽ അമേരിക്കൻ നിർമിത തോക്കും 53 തിരകളും മാരകായുധങ്ങളും പോലീസ് കണ്ടെത്തി. സംഭവത്തിൽ കുമാരപുരം പൊത്തപ്പള്ളി തെക്ക് കായൽവാരത്തുവീട്ടിൽ കിഷോറി (41)ന്റെ പേരിൽ കേസെടുത്തു. കോടാലി, വലിയ കത്തികൾ, കമ്പി തുടങ്ങിയവയും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു.
2017-ൽ നാടൻതോക്ക് കൈവശംവെച്ചതിന് കിഷോർ പിടിയിലായിരുന്നു. വധശ്രമം ഉൾപ്പെടെ ഒട്ടേറെ കേസുകളിൽ പ്രതിയാണ്. കാപ പ്രകാരം ആഴ്ചയിൽ ഒരിക്കൽ കായംകുളം ഡിവൈഎസ്‌പി ഓഫീസിൽ ഒപ്പിട്ടുവരുന്ന ആളാണ്.
കുമാരപുരം കൂട്ടംകൈത പുത്തൻവീട്ടിൽ രാകേഷിനെ 2015 നവംബറിലാണ് കാണാതായത്. അന്നു പോലീസ് അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. അടുത്തിടെയാണ് ഹരിപ്പാട് പോലീസ് കേസിൽ വീണ്ടും അന്വേഷണം തുടങ്ങിയത്. രാകേഷിനെ കൊലപ്പെടുത്തിയതാണെന്ന സംശയത്തിലായിരുന്നു അന്വേഷണം. സംശയമുള്ള ഏതാനുംപേരെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ കഴിഞ്ഞദിവസം രാകേഷിന്റെ അമ്മ രമ കേസിൽ കോടതിയുടെ മേൽനോട്ടത്തിലെ അന്വേഷണം ആവശ്യപ്പെട്ട് ഹരിപ്പാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചു.
കേസിലെ അന്വേഷണപുരോഗതി വ്യക്തമാക്കുന്ന റിപ്പോർട്ട് ഹാജരാക്കാൻ അന്വേഷണോദ്യോഗസ്ഥനോട് കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രതികളെന്ന് സംശയമുള്ളവരുടെ വീടുകളിൽ പോലീസ് പരിശോധന നടത്തിയത്.