പയ്യന്നൂർ ( കണ്ണൂർ): മുഖസൗന്ദര്യം വർധിപ്പിക്കാനുള്ള ചികിത്സയെ തുടർന്ന് മോഡലിങ് രംഗത്തുള്ള യുവതിക്ക് പാർശ്വഫലങ്ങളുണ്ടായെന്ന് പരാതി. മലപ്പുറത്തെ മുപ്പത്തേഴുകാരിയുടെ പരാതിയിൽ പയ്യന്നൂരിലെ ഡോ. വരുൺ നമ്പ്യാർക്കെതിരേ പയ്യന്നൂർ പോലീസ് കേസെടുത്തു.
സ്‌കിൻ ആൻഡ് ഹെയർ ക്ലിനിക് പ്ലാസ്റ്റിക് സർജൻ എന്ന പരസ്യം സാമൂഹികമാധ്യമത്തിലൂടെ ശ്രദ്ധയിൽപെട്ടതോടെയാണ് യുവതി പയ്യന്നൂരിലെ ക്ലിനിക്കിലെത്തിയത്. ഡോക്ടറുടെ നിർദേശപ്രകാരം നവംബർ 27, ഡിസംബർ 16 തീയതികളിൽ യുവതി ഫെയ്‌സ് ലിഫ്റ്റിങ് ചികിത്സയ്ക്ക് വിധേയയായതായും പരാതിയിൽ പറയുന്നു. പാർശ്വഫലങ്ങളുണ്ടായതിനെ തുടർന്ന് ഡോക്ടറെ സമീപിച്ചെങ്കിലും തുടർചികിത്സ നല്കിയില്ലെന്നും പരാതിയിലുണ്ട്.
ചികിത്സയ്ക്കായി വാങ്ങിയ 50,000 രൂപ തിരിച്ച് നല്കിയില്ല. മുഖത്തുണ്ടായ പാർശ്വഫലങ്ങൾ കാരണം തൊഴിൽസംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവന്നതായും പാരതിയിൽ പറയുന്നു.