മസ്കറ്റ്: ഒമാനിലെ ദോഫാറിൽ തൊഴിൽ നിയമലംഘനത്തിന് കഴിഞ്ഞവർഷം 810 പ്രവാസികളെ നാടുകടത്തി. വിവിധ രാജ്യക്കാരായ തൊഴിലാളികളെയാണ് നാടുകടത്തിയത്. രാജ്യത്ത് തൊഴിൽ നിയമ ലംഘനങ്ങൾ കണ്ടെത്താനുള്ള പരിശോധന തൊഴിൽ മന്ത്രാലയം കൂടുതൽ ശക്തമാക്കി.
ഒമാനിലെ അനധികൃത തൊഴിലാളികളെയും തൊഴിൽ നിയമലംഘനങ്ങളും കണ്ടെത്താനായി കഴിഞ്ഞ വർഷം തൊഴിൽ മന്ത്രാലയം നടത്തിയ പരിശോധനകളുടെ വിശദാംശങ്ങളാണ് പുറത്തുവിട്ടത്. 1599 പരിശോധനകൾ തൊഴിൽ മന്ത്രാലയം നടത്തി. പരിശോധനകളിൽ വിവിധ നിയമ ലംഘനങ്ങൾ കണ്ടെത്തുകയും 810 തൊഴിലാളികളെ നാടുകടത്തുകയും ചെയ്തു. സെക്യൂരിറ്റി ആൻഡ് സേഫ്റ്റി സർവീസസ് കോർപ്പറേഷനുമായി സഹകരിച്ചായിരുന്നു പരിശോധനകൾ.
ദോഫാർ ഗവർണറേറ്റിൽ നടത്തിയ പരിശോധനയിൽ 3,853 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. 499 തൊഴിലാളികൾ നിശ്ചിത ജോലി ഉപേക്ഷിച്ചതായും 768 പേർ രജിസ്റ്റർ ചെയ്ത തൊഴിലുടമകൾക്ക് പുറമെ മറ്റ് തൊഴിലുടമകൾക്ക് വേണ്ടി ജോലി ചെയ്യുന്നതായും കണ്ടെത്തി. സ്വയം തൊഴിൽ ചെയ്യുന്നവർ, വിസാ കാലാവധി കഴിഞ്ഞവർ തുടങ്ങിയ നിയമ ലംഘനങ്ങൾക്ക് 1,886 കേസുകളും രജിസ്റ്റർ ചെയ്തു. ഗുരുതര നിയമ ലംഘനങ്ങളുള്ള്ള 453 കേസുകൾ തുടർ നിയമനടപടികൾക്കായി തൊഴിൽ മന്ത്രാലയം പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു.