വാഷിങ്ടണ്‍: യുക്രൈനിലെ ഊര്‍ജ്ജ സംവിധാനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ 30 ദിവസം മരവിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നടത്തിയ ഫോണ്‍ സംഭാഷണത്തിന് ശേഷമാണ് യുക്രൈനിലെ ഊര്‍ജ സംവിധാനങ്ങള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തത്കാലം നിര്‍ത്തിവെയ്ക്കാന്‍ പുതിന്‍ സമ്മതിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വളരെ നേരത്തെ തന്നെ നയതന്ത്ര മാര്‍ഗങ്ങളിലൂടെ പരിഹരിക്കേണ്ടതായിരുന്നു. യുദ്ധം ഒരിക്കലും തുടങ്ങാന്‍ പാടില്ലായിരുന്നുവെന്ന് ഇരുകൂട്ടരും അംഗീകരിച്ചതായി ഫോണ്‍ സംഭാഷണത്തിന് ശേഷം വൈറ്റ് ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഈ യുദ്ധത്തില്‍ ഇരുരാജ്യങ്ങളുടേയുമായി ധനവും ഒരുപാടുപേരുടെ ജീവനും നഷ്ടപ്പെട്ടു. അതൊക്കെ അതാത് രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തേണ്ടിയിരുന്നവയായിരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.
യുക്രൈന്‍- റഷ്യ യുദ്ധത്തില്‍ സമ്പൂര്‍ണ വെടിനിര്‍ത്തല്‍ കരാര്‍ കൊണ്ടുവരാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ട്രംപും പുതിനും തമ്മില്‍ ധാരണയായി. മാത്രമല്ല ഭാവിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കുന്നതിനായുള്ള സഹകരണത്തിന്റെ സാധ്യതകളും ഇരുനേതാക്കളും ചര്‍ച്ചചെയ്തു. മാത്രമല്ല ആണവായുധങ്ങളുടെ എണ്ണം വര്‍ധിപ്പിക്കുന്നത് നിര്‍ത്തിവെയ്ക്കുന്നത് സംബന്ധിച്ചും ഇരുനേതാക്കളും ചര്‍ച്ച ചെയ്തു.
അമേരിക്കയും റഷ്യയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനും ധാരണയായി. യുക്രൈനില്‍ സമാധാനം വന്നാല്‍ മാത്രമേ മേഖലയില്‍ സ്ഥിരതയും സാമ്പത്തിക വളര്‍ച്ചയുമുണ്ടാകുവെന്നും പുതിനും ട്രംപും അംഗീകരിച്ചു. യുക്രൈനും റഷ്യയും തമ്മില്‍ 175 യുദ്ധത്തടവുകാരെ പരസ്പരം വെച്ചുമാറുന്ന കാര്യം പുതിന്‍ ട്രംപിനു മുന്നില്‍ അവതരിപ്പിച്ചു. മാത്രമല്ല മാരകമായി പരിക്കേറ്റ് റഷ്യയുടെ പിടിയിലായ 23 യുക്രൈന്‍ സൈനികരെ വിട്ടുകൊടുക്കാമെന്നും പുതിന്‍ വ്യക്തമാക്കി.