വത്തിക്കാൻ സിറ്റി: ശ്വാസകോശ അണുബാധമൂലം ഒരാഴ്ചയായി ആശുപത്രിയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പ സുഖം പ്രാപിക്കുന്നു. ശ്വാസകോശങ്ങളിലെ അണുബാധ കുറഞ്ഞുവരുന്നതായി വത്തിക്കാൻ അറിയിച്ചു. രാത്രി വലിയ വിഷമമുണ്ടായില്ല. നന്നായി ഉറങ്ങി. യന്ത്രസഹായമില്ലാതെ ശ്വസിക്കാനാവുന്നുണ്ട്. ഭക്ഷണം കഴിക്കുന്നുണ്ട്.
ആരോഗ്യനില പൂർണമായും മെച്ചപ്പെടുന്നതുവരെ ആശുപത്രിയിൽ തുടരുമെന്നും അറിയിച്ചു.കടുത്ത ശ്വാസ തടസത്തെ തുടർന്നാണ് മാർപ്പാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 88 വയസുള്ള മാർപ്പാപ്പയെ ബ്രോങ്കൈറ്റിസിനുള്ള ചികിത്സയ്ക്കും പരിശോധനകൾക്കുമായി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റോമിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അദ്ദേഹത്തിന് ശ്വാസകോശത്തിൽ കടുത്ത അണുബാധ ഉണ്ടെന്ന് വത്തിക്കാൻ നേരത്തെ അറിയിച്ചിരുന്നു. രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയ ബാധിച്ച പോപ്പിന് ആന്റിബയോട്ടിക് ചികിത്സ തുടരുകയാണ്. ശ്വാസകോശ അണുബാധയിൽ കുറവുണ്ടായതായി ചികിത്സക്കിടെ വത്തിക്കാൻ അറിയിച്ചിരുന്നു.
