ഇടുക്കി പന്നിയാര്‍കുട്ടിയില്‍ നിയന്ത്രണം വിട്ട് ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞു; ദമ്പതികള്‍ മരിച്ചു

ഇടുക്കി: പന്നിയാർകുട്ടിയിൽ ജീപ്പ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് മരണം .പന്നിയാർകുട്ടി ഇടിയോടിയിൽ ബോസ് (55) ഭാര്യ റീന ( 48) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ജീപ്പിൽ ഉണ്ടായിരുന്ന പന്നിയാർകുട്ടി തട്ടപ്പിള്ളിയിൽ അബ്രാഹാ (50)മിന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച രാത്രി 10. 30-ഓടെ ആയിരുന്നു സംഭവം. പന്നിയാർ കുട്ടി പുതിയ പാലത്തിന് സമീപമാണ് ബോസും ഭാര്യയും താമസിക്കുന്നത്. മുല്ലക്കാനത്ത് ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പന്നിയാർകുട്ടി പള്ളിക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം വിട്ട ജീപ്പ് നൂറടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. സംഭവം നടന്ന സ്ഥലം കുത്തനെയുള്ള ഇറക്കവും റോഡിന് വീതി കുറഞ്ഞ പ്രദേശവുമാണ്.

പരിക്കേറ്റ മൂന്നു പേരെയും അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ബോസും റീനയും വരും വഴി മരണപ്പെട്ടു. മരിച്ച റീന ഒളിമ്പ്യൻ കെ.എം. ബീനാ മോളുടെ സഹോദരിയാണ്. പരിക്കേറ്റ അബ്രഹാം ആണ് ജീപ്പ് ഓടിച്ചിരുന്നത്. മരിച്ച രണ്ടുപേരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال