കാതോലിക്കേറ്റ് കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്‌.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ


പത്തനംതിട്ട: കാതോലിക്കേറ്റ് കോളേജിൽ എസ്.എഫ്.ഐ.- കെ.എസ്‌.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടൽ. നാല് കെ.എസ്‌.യു. പ്രവർത്തകർക്കും ഒരു എസ്.എഫ്.ഐ. പ്രവർത്തകനും പരിക്കേറ്റു.

സംഘർഷത്തിനുപിന്നാലെ, കാലിക്കറ്റ് സർവകലാശാലാ കലോത്സവത്തിലെ കണക്ക് തീർത്തെന്നുപറഞ്ഞ് എസ്.എഫ്.ഐ. സാമൂഹിക മാധ്യമത്തിൽ പോസ്റ്റിട്ടു.
‘കാലിക്കറ്റിൽ കിട്ടിയത് കാതോലിക്കേറ്റിൽ തീർത്തിട്ടുണ്ട്’ എന്നായിരുന്നു ‘എസ്.എഫ്.ഐ. കാതോലിക്കേറ്റ് കോളേജ്’ എന്ന ഇൻസ്റ്റഗ്രാം പേജിൽവന്ന പോസ്റ്റ്. ബുധനാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു സംഘർഷം. കാലിക്കറ്റ് സർവകലാശാല കലോത്സവത്തിലെ സംഘർഷത്തിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ. കാമ്പസിൽ നടത്തിയ പ്രകടനത്തിൽ വാക്കേറ്റവും പിന്നാലെ സംഘർഷവുമുണ്ടായി.
കോളേജ് ഗേറ്റിന് മുന്നിലേക്ക് സംഘർഷം നീണ്ടു. പോലീസ് എത്തി ഇരുവിഭാഗം പ്രവർത്തകരെയും തള്ളിമാറ്റി. കാമ്പസിനു പുറത്തുണ്ടായിരുന്ന നേതാക്കളും ഈസമയം കോളേജിലെത്തി.
പരിക്കേറ്റ കെ.എസ്.യു. ജില്ലാ ജനറൽസെക്രട്ടറിമാരായ മെബിൻ നിരവേൽ, നിതിൻ, നിയോജകമണ്ഡലം പ്രസിഡന്റ് സ്റ്റെയിൻസ് ജോസ്, നജാഫ് ജലാൽ എന്നിവർ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്. പരിക്കേറ്റ എസ്.എഫ്.ഐ. യൂണിറ്റ് സെക്രട്ടേറിയറ്റ് അംഗം ജിബിൻ ചികിത്സ തേടിയശേഷം ആശുപത്രിവിട്ടു. രണ്ടു പ്രവർത്തകരെ എസ്.എഫ്.ഐ.ക്കാർ അകാരണമായി ആക്രമിച്ചെന്ന് കെ.എസ്‌.യു. പ്രവർത്തകർ പറഞ്ഞു. എന്നാൽ പ്രകടനത്തിനുനേരേ കെ.എസ്‌.യു.
പ്രകോപനമുണ്ടാക്കിയെന്നാണ് എസ്.എഫ്.ഐ.യുടെ വാദം. പരിക്കേറ്റ രണ്ടു വിദ്യാർഥികളെ കൊണ്ടുപോകാനെത്തിയ മെബിനെയും സ്റ്റെയിൻസ് ജോസിനെയും എസ്.എഫ്.ഐ. പ്രവർത്തകർ ഹെൽമറ്റുപയോഗിച്ച് ആക്രമിച്ചെന്നും കെ.എസ്‍.‌യു. ആരോപിച്ചു.
നേതാക്കളെ മർദിച്ചതിൽ പ്രതിഷേധിച്ച് കെ.എസ്‌.യു. വ്യാഴാഴ്ച ജില്ലയിൽ വിദ്യാഭ്യാസബന്ദ് പ്രഖ്യാപിച്ചു. അതേസമയം, കോളേജുകളിൽ ബന്ദിന്റെ പേരിൽ കെ.എസ്‌.യു. സംഘർഷമുണ്ടാക്കിയാൽ പ്രതിരോധിക്കുമെന്ന് എസ്.എഫ്.ഐ. ജില്ലാ നേതൃത്വംപറഞ്ഞു.
സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോളേജ് അധികൃതർ അറിയിച്ചു. ഇരുകൂട്ടരും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال