ഏഴര മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവില്‍ അറസ്റ്റ്; മൃദംഗവിഷന്‍ ഡയറക്ടറെ ഇന്ന് കോടതിയില്‍ ഹാജരാക്കും

കൊച്ചി: ഉമാതോമസ് എം.എൽ.എ വീണ് പരിക്കേറ്റ സംഭവത്തിൽ കലൂർ നൃത്തപരിപാടി സംഘാടകനും മൃദംഗ വിഷന്റെ എംഡിയുമായ നിഗോഷ് കുമാർ അറസ്റ്റിൽ. ഏഴരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നിഗോഷ് കുമാറിനെ ഇന്ന് കോടതിയിൽ ഹാജരാക്കിയ ശേഷം തുടർനടപടി ഉണ്ടാകും. മറ്റൊരു പ്രതിയായ ജെനീഷ് ഇന്ന് ഹാജരായില്ല. വരും ദിവസങ്ങളിൽ ഇയാളെയും ചോദ്യം ചെയ്യും. ഉമ തോമസ് എം.എൽ.എയ്ക്ക് പരിക്കേറ്റ സംഭവത്തിൽ നിഗോഷ് കുമാറിനോടും മൂന്നാം പ്രതിയായ ഓസ്‌കർ ഇവന്റ് മാനേജ്മെന്റ് ഉടമ തൃശൂർ പൂത്തോൾ സ്വദേശി പി.എസ് ജനീഷിനോടും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ വ്യാഴാഴ്ച ഹാജരാകാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് നിഗോഷ് പൊലീസിൽ കീഴടങ്ങിയത്.

അതേസമയം കേസിൽ ആവശ്യമെങ്കിൽ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാവേണ്ടി വരുമെന്ന സൂചനകൾക്കിടെ ബുധനാഴ്ച ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

മൃദംഗവിഷൻ എം.ഡി. എം. നിഗോഷ് കുമാർ, സി.ഇ.ഒ. എ. ഷമീർ, പൂർണിമ, നിഗോഷ് കുമാറിന്റെ ഭാര്യ എന്നിവർക്കെതിരേ പൊലീസ് വിശ്വാസ വഞ്ചനക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. സംഘാടകരുടെ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചിട്ടുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال