ജലജീവന്‍ മിഷനിന് തിരിച്ചടി; 12,000 കോടിയുടെ കടമെടുപ്പ് പ്രതിസന്ധിയില്‍

തിരുവനന്തപുരം: ജലജീവൻ മിഷനിലെ സാമ്പത്തിക പ്രതിന്ധി പരിഹരിക്കാൻ 12,000 കോടി കടമെടുക്കാനുള്ള സംസ്ഥാന സർക്കാരിന്റെ നീക്കവും പ്രതിസന്ധിയിൽ. വിഹിതം കണ്ടെത്താൻ ജല അതോറിറ്റിയോ സർക്കാരോ വായ്പയെടുക്കാനായിരുന്നു തീരുമാനം. ഗ്രാമീണവീടുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണിത്.

തിരിച്ചടവിനെക്കുറിച്ചുള്ള ആശങ്കകളും സർക്കാരിന്റെ പൊതുകടമെടുപ്പ് പരിധിയെ ബാധിക്കാനുള്ള സാധ്യതയുമാണ് തിരിച്ചടിയായത്. ജല അതോറിറ്റി ഉദ്യോഗസ്ഥരുടെ എതിർപ്പ് വകവെക്കാതെയായിരുന്നു വായ്പയെടുക്കാനുള്ള നീക്കം. നബാർഡ്, ഹഡ്കോ, എൽ.ഐ.സി എന്നിവയിൽ നിന്നായിരുന്നു വായ്പ പ്രതീക്ഷിച്ചിരുന്നത്. സംസ്ഥാന സർക്കാർ നൽകേണ്ട വിഹിതം വായ്പയായി ജല അതോറിറ്റിയുടെ മേൽ കെട്ടിവെക്കാനുള്ള ശ്രമത്തിനെതിരേ സി.ഐ.ടി.യു ഉൾപ്പെടെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു.

44,714 കോടിയാണ് ജലജീവൻ മിഷന്റെ മൊത്തം ചെലവ്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുല്യമായാണ് തുക അനുവദിക്കേണ്ടത്. പദ്ധതി കാലാവധി അവസാനിക്കാറായി. പകുതിയോളം പണികൾ പോലും ടെൻൻഡർ ചെയ്യാൻ കഴിഞ്ഞിട്ടില്ല. സംസ്ഥാന സർക്കാർ വിഹിതം ലഭിക്കാത്തതിനാൽ 4000 കോടിയോളം രൂപ കരാറുകാർക്കും കിട്ടാനുണ്ട്.

നബാർഡിൽനിന്ന് സംസ്ഥാന സർക്കാർ നേരിട്ട് വായ്പയെടുത്താൽ അഞ്ച് ശതമാനം പലിശയ്ക്ക് ലഭിക്കും. ജല അതോറിറ്റിയാണെങ്കിൽ ഒൻപത് ശതമാനം വരെ നൽകണം. മറ്റ് ഏജൻസികളിൽ 9-10 ശതമാനം വരെയാണ് പലിശനിരക്ക്. ഈ വായ്പ തിരിച്ചടയ്ക്കാൻ ജല അതോറിറ്റിയെക്കൊണ്ടുമാത്രം കഴിയില്ല. വായ്പ തിരിച്ചടവ് തുടങ്ങുമ്പോൾ മൂന്നുമാസത്തിലൊരിക്കൽ 487 കോടിവരെ വേണ്ടിവരും. അല്ലെങ്കിൽ സർക്കാർ നേരിട്ട് വായ്പയെടുക്കുകയോ ഗാരന്റി നൽകുകയോ വേണം.

വരും വർഷങ്ങളിൽ ഇത് സർക്കാരിന്റെ പൊതു കടമെടുപ്പ് പരിധിയെ ബാധിക്കും. ഇതിനെത്തുടർന്നാണ് കടമെടുക്കാനുള്ള നീക്കം ധനവകുപ്പ് മാറ്റിവെച്ചിരിക്കുന്നത്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال