കാര്‍ വാങ്ങാന്‍ അനുമതി ലഭിക്കുന്നതിന് പാര്‍ക്കിങ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം: മഹാരാഷ്ട്ര ഗതാഗത വകുപ്പ്


മുംബൈ നഗരത്തില്‍ വാഹനങ്ങളുടെ ബാഹുല്യം കുറയ്ക്കാനും മലിനീകരണം നേരിടാനുമൊരുങ്ങി മഹാരാഷ്ട്ര ഗതാഗത വകുപ്പ്. കാര്‍ വാങ്ങാന്‍ അനുമതി ലഭിക്കുന്നതിന് പാര്‍ക്കിങ് സൗകര്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നതാണ് മഹാരാഷ്ട്ര ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സര്‍നായിക് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് നല്‍കിയ ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നഗര മേഖലയില്‍ തിരക്ക് കുറയ്ക്കാനാണ് ഈ നിര്‍ദേശമെന്നാണ് അദ്ദേഹം പറയുന്നത്.

ഇതിനുപുറമെ വേറെയും നിര്‍ദേശങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിക്ക് കൈമാറിയിട്ടുണ്ട്. പുതിയ തിരക്ക് നികുതി ഏര്‍പ്പെടുത്തുക, ഒരു കുടുംബത്തിന് ഉപയോഗിക്കാനുള്ള വാഹനങ്ങളുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നിവയാണ് ഇതില്‍ പ്രധാനപ്പെട്ടവ. ജനസാന്ദ്രത കൂടിയ മേഖലയിലുണ്ടാകുന്ന ഗതാഗതകുരുക്ക് കണക്കിലെടുത്താണ് ഈ നിര്‍ദേശമെന്നാണ് ഗതാഗത മന്ത്രി പറയുന്നത്.
അടുത്ത മൂന്നുമാസത്തിനുള്ളില്‍ ഈ നിര്‍ദേശങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കാനാണ് സര്‍ക്കാരിന്റെ പരിപാടി. ഏറ്റവും തിരക്കുള്ള ദക്ഷിണ മുംബൈ പോലുള്ള പ്രദേശത്ത് തിരക്കുള്ള സമയത്ത് വാഹനങ്ങള്‍ കടന്നുവരുന്നത് നിയന്ത്രിക്കുക എന്നതും ആലോചനയിലുണ്ട്.
ഒരു ബെഡ്‌റൂം അപ്പാര്‍ട്ട്‌മെന്റുള്ള ആളുകള്‍ പോലും ലോണെടുത്ത് കാര്‍ വാങ്ങുന്നുണ്ട്. എന്നാല്‍, സ്വന്തമായി പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ വാഹനം റോഡുകളിലും മറ്റും പാര്‍ക്ക് ചെയ്യുകയാണ്. ഇത്തരത്തിലുള്ള അനധികൃത പാര്‍ക്കിങ് മൂലം പലപ്പോഴും ആംബുലന്‍സ്, അഗ്നിശമന സേന തുടങ്ങിയ അടിയന്തര സേവനങ്ങള്‍ തടസ്സപ്പെടുന്നത് ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്നുണ്ടെന്നാണ് മന്ത്രിയുടെ നിരീക്ഷണം.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ആളുകളോട് വിവേചനം കാണിക്കാതെ ഈ നയം നടപ്പാക്കാന്‍ സാധിക്കുമെന്നാണ് മന്ത്രി പറയുന്നത്. സ്വന്തമായി പാര്‍ക്കിങ് സൗകര്യമില്ലാത്ത ആളുകള്‍ പബ്ലിക് പാര്‍ക്കിങ് ലോട്ടുകളില്‍ സ്ഥിരമായി സ്ഥലം നേടുകയും, അതിനുശേഷം കാര്‍ വാങ്ങുകയും ചെയ്യാമെന്നാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്. പാവപ്പെട്ട ആളുകള്‍ കാര്‍ വാങ്ങേണ്ട എന്നല്ല ഞാന്‍ പറയുന്നത്. അതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നാണെന്നും മന്ത്രി അഭിപ്രായപ്പെടുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال