പുതിയ പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്ന കാര്യത്തിൽ എപ്പോഴും ഒരിത്തിരി മുൻപന്തിയിലാണ് വാട്‌സ്ആപ്പ്. ഇപ്പോഴിതാ ഉപഭോക്താക്കൾക്ക് അവരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചുള്ള എഐ കാരക്ടറുകൾ നിർമിക്കുന്നതിനായി സൗകര്യമൊരുക്കുകയാണ് കമ്പനി.
വാബീറ്റാ ഇൻഫോ എന്ന വെബ്സൈറ്റിലെ റിപ്പോർട്ട് അനുസരിച്ച് വാട്സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റാ വേർഷൻ വി2.25.1.26 ൽ കമ്മ്യൂണിറ്റീസ് ടാബിന് പകരം പുതിയ AIs ടാബ് ഉൾപ്പെടുത്തിയിട്ടുണ്ട്. ഇൻസ്റ്റഗ്രാമിലെ മെറ്റ എഐ സ്റ്റുഡിയോ ടൂളിന് സമാനമാണിത്. ഈ ഫീച്ചർ ഉപയോഗിച്ച് ഉപഭോക്താക്കളുടെ താത്പര്യം അനുസരിച്ചുള്ള എഐ കാരക്ടറുകൾ നിർമിക്കാനാവും. ഉദാഹരണത്തിന്, റിലേഷൻ ഷിപ്പ് കോച്ച്, പ്രൊഡക്ടിവിറ്റി അസിസ്റ്റന്റ് പോലെ വിവിധ ചാറ്റ്ബോട്ടുകൾ നിർമിക്കാനാവും.
മെറ്റ എഐയുടെ ചാറ്റ് ബോട്ട് നേരത്തെ തന്നെ വാട്സാപ്പിൽ ലഭ്യമാണ്. ചാറ്റ് ജിപിടിയും വിവിധ ആവശ്യങ്ങൾക്കുള്ള ചാറ്റ് ബോട്ടുകൾ നിർമിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്. വാട്സാപ്പിൽ ഉപഭോക്താക്കൾക്ക് ഇഷ്ടാനുസരണം ചാറ്റ്ബോട്ട് ഒരുക്കാനുള്ള സൗകര്യം ആദ്യമാണ്. നിങ്ങൾ നിർമിക്കുന്ന ചാറ്റ്ബോട്ടുകൾ മറ്റുള്ളവർക്ക് ഉപയോഗിക്കാനും മറ്റുള്ളവർ നിർമിക്കുന്ന ഉപകാരപ്രദമായ ചാറ്റ്ബോട്ടുകൾ നിങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.അതേസമയം കമ്മ്യൂണിറ്റീസ് ടാബിനെ പ്രധാന ചാറ്റ് ടാബിനുള്ളിലേക്കാണ് മാറ്റുക. നിലവിൽ ഇത് നിർമാണ ഘട്ടത്തിലിരിക്കുന്ന സൗകര്യങ്ങളാണ്. ഔദ്യോഗികമായി ഇവ എന്ന് വാട്സാപ്പിൽ എത്തുമെന്ന് വ്യക്തമല്ല.