തൃശ്ശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ അവതരണഗാനത്തിന് നൃത്താവിഷ്കാരം ഒരുക്കി കേരള കലാമണ്ഡലം.സ്വാഗത ഗാനം നൃത്താവിഷ്കാരത്തിൽ ചിട്ടപ്പെടുത്തുന്നതിന് പ്രശസ്ത നടി അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടു എന്ന വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടിയുടെ പരാമർശം നേരത്തെ വിവാദമായിരുന്നു. കേരള കലാമണ്ഡലത്തിലെ 39 ഓളം വിദ്യാർത്ഥികളും വിവിധ സ്കൂളുകളിലെ തിരഞ്ഞെടുക്കപ്പെട്ട 11 ഓളം വിദ്യാർത്ഥികളും ചേർന്നാണ് നൃത്താവിഷ്കാരം ചിട്ടപ്പെടുത്തുന്നത്.
കേരള കലാമണ്ഡലം നൃത്ത വിഭാഗം മേധാവി രജിത രവി, നൃത്ത വിഭാഗം അധ്യാപിക കലാമണ്ഡലം ലതിക, കഥകളി അധ്യാപകരായ കലാമണ്ഡലം എസ്.തുളസി, കലാമണ്ഡലം അരുൺ വാര്യർ എന്നിവർ ചേർന്നാണ് നൃത്താവിഷ്കാരത്തിനുള്ള ചുവടുകൾ ചിട്ടപ്പെടുത്തുന്നത്.കാവാലം ശ്രീകുമാർ സംഗീത സംവിധാനം ചെയ്ത സ്വാഗത ഗാനത്തിന് 10 മിനിറ്റ് ദൈർഘ്യമാണ് ഉള്ളത്.
കേരളത്തിൻറെ നവോത്ഥാനത്തെയും, ചരിത്രം, കല, പാരമ്പര്യത്തെയും, ഐക്യത്തെയും, അഖണ്ഡതയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനും ഗായകനുമായ കാവാലം ശ്രീകുമാർ ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത്. ജനുവരി നാലു മുതൽ തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന കലോത്സവത്തിൽ പതിനാറായിരം വിദ്യാർത്ഥികളാണ് മാറ്റുരയ്ക്കുന്നത്.