വിസ്മയ കേസ് ; പ്രതിക്ക് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കുടുംബം


തിരുവനന്തപുരം: വിസ്മയ കേസ് പ്രതി കിരണിന് പരോൾ നൽകിയതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകാൻ കുടുംബം. പൊലീസ് റിപ്പോർട്ടിന് വിരുദ്ധമായാണ് പരോൾ നൽകിയതെന്നും ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നുംനീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്നും വിസ്മയയുടെ പിതാവ് ത്രിവിക്രമൻ മാധ്യമങ്ങളോടു പറഞ്ഞു.

ജയിലിനുള്ളിൽനിന്ന് പ്രതിയ്ക്ക് സഹായം കിട്ടിയെന്നാണ് സംശയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.2021 ജൂണില്‍ ആണ് വിസ്മയയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.

ഭർത്താവിന്‍റെ പീഡനം കാരണമാണ് വിസ്മയ ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും കിരൺ കുമാറിനെ പ്രതിയാക്കുകയും ചെയ്തു.

10 വർഷത്തെ തടവാണ് കോടതി കിരണിന് വിധിച്ചത്. പൂജപ്പുര സെൻട്രൽ ജയിലിൽ കഴിയുന്ന കിരണ്‍ പരോളിന് ആദ്യം അപേക്ഷ നൽകിയെങ്കിലും പ്രൊബേഷൻ റിപ്പോർട്ടും പോലീസ് റിപ്പോർട്ടും എതിരായതിനാൽ ജയിൽ സൂപ്രണ്ട് അപേക്ഷ തള്ളി.

കിരൺ വീണ്ടും അപേക്ഷ നൽകിയപ്പോള്‍ പോലീസ് റിപ്പോർട്ട് എതിരായിരുന്നുവെങ്കിലും പ്രൊബേഷൻ റിപ്പോർട്ട് അനുകൂലമായതിനാൽ കിരണിന് 30 ദിവസത്തെ പരോള്‍ ജയിൽ മേധാവി അനുവദിക്കുകയായിരുന്നു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال