കൊല്ലത്ത് അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസില്‍ ലോറിയിടിച്ച് അപകടം: ഒരാള്‍ മരിച്ചു



കൊല്ലം: ആര്യങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപം അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസില്‍ ലോറിയിടിച്ച് ഒരാള്‍ മരിച്ചു. സേലം സ്വദേശി ധനപാലാണ് (56) മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ നാലുമണിക്കാണ് അപകടം.

ശബരിമലദര്‍ശനം കഴിഞ്ഞ് തമിഴ്നാട്ടിലെ സേലത്തേക്കു പോയ അയ്യപ്പഭക്തര്‍ സഞ്ചരിച്ച ബസാണ് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്.
തമിഴ്നാട്ടില്‍നിന്ന് മെറ്റലുമായി തെന്മല ഭാഗത്തേക്ക് അമിതവേഗത്തിലും തെറ്റായ ദിശയിലുമെത്തിയ ലോറി ബസില്‍ ഇടിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് നിയന്ത്രണംവിട്ട ബസ് റോഡിന് എതിര്‍വശത്തെ വൈദ്യുതത്തൂണില്‍ ഇടിച്ചശേഷം ഇരുപതടി താഴ്ചയിലേക്ക് മറിഞ്ഞു. സമീപത്തെ തോടിന്റെ കരയിലുള്ള മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു ബസ്. മൂന്ന് കുട്ടികളടക്കം 24 പേരാണ് ബസിലുണ്ടായിരുന്നത്.
പരിക്കേറ്റ ധനപാല്‍ ആശുപത്രിയിലെത്തിക്കുംമുന്‍പ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ ദിലീപ്കുമാര്‍ (13), സെന്തില്‍ (47) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗേശ്വരന്‍ (25), ബസ് ഡ്രൈവര്‍ സുബ്രഹ്‌മണ്യന്‍ (36), ഭൂപതി (30), രാധാകൃഷ്ണന്‍ (29), പെരിയസ്വാമി (46), ഗൗരി (10), ശങ്കരി (ഒന്‍പത്), അജയന്‍ (11) എന്നിവര്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സതേടി.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال