എസ്.എഫ്.ഐ. ഭാരവാഹികളുടെ മർദനം: മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല


തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് എസ്.എഫ്.ഐ. ഭാരവാഹികളുടെ ക്രൂരമർദനമേറ്റ് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടിയില്ല. സി.പി.എം., എസ്.എഫ്.ഐ. യൂണിറ്റ് ഭാരവാഹികളായ നാലു പ്രതികൾ ഇപ്പോഴും കോളേജിലെത്തുന്നുണ്ടെങ്കിലും പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം. ജാമ്യമില്ലാവകുപ്പ്‌ പ്രകാരം കേസെടുത്ത് മൂന്നു ദിവസം പിന്നിട്ടിട്ടും പ്രതികൾ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.

ഭിന്നശേഷിക്കാരനായ രണ്ടാംവർഷ ബിരുദ വിദ്യാർഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിനും സുഹൃത്ത് അഫസ്ലിനുമാണ് എസ്.എഫ്.ഐ. നേതാക്കളുടെ തുടർച്ചയായ മർദനമേൽക്കേണ്ടിവന്നത്. ലോക ഭിന്നശേഷിദിനം ആഘോഷിക്കുന്ന ദിവസമാണ് പോലീസിനു മുന്നിൽ പരാതിയെത്തിയത്.
‘ഇടിമുറി’ എന്നറിയപ്പെടുന്ന കോേളജ് യൂണിയൻ ഓഫീസ് മുറിയിൽ, തന്നെ ബന്ദിയാക്കി മർദിച്ചതിന്റെ അടുത്ത ദിവസം അനസ് കന്റോൺമെന്റ് പോലീസിൽ പരാതി നൽകി. ജില്ലാ സെക്രട്ടറി വി.ജോയി എം.എൽ.എ. ഇടപെട്ടിട്ടും പ്രതികളെ പിടികൂടാൻ പോലീസ് ശ്രമിക്കുന്നില്ലെന്നാണ് ആക്ഷേപം.
കോേളജിലെത്തി മഹസർ തയ്യാറാക്കാൻ കോേളജ് അധികൃതർ അനുമതി നൽകിയിട്ടും വ്യാഴാഴ്ചയും പോലീസ് കോളേജിലെത്തിയില്ല. അനസ് ഇ-മെയിൽ വഴി നൽകിയ പരാതി അച്ചടക്കസമിതിക്കു കൈമാറിയതായി പ്രിൻസിപ്പൽ അറിയിച്ചു. വെള്ളിയാഴ്ച അനസിനെയും സുഹൃത്തിനെയും കോേളജിലേക്കു വിളിപ്പിച്ചിട്ടുണ്ട്. അവർ നൽകുന്ന മൊഴിയനുസരിച്ച് നടപടികൾ സ്വീകരിക്കുമെന്നും കോേളജ് അധികൃതർ അറിയിച്ചു. ഭിന്നശേഷി കമ്മിഷൻ, സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ എന്നിവിടങ്ങളിലും അനസ് പരാതി നൽകിയിട്ടുണ്ട്‌.
പ്രതികളെ പിടികൂടണമെന്ന് എ.ഐ.എസ്.എഫ്.
തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനായ വിദ്യാർഥിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് എ.ഐ.എസ്.എഫ്. ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. കലാലയങ്ങളെ അക്രമവത്‌കരിക്കുന്നവരെ പോലീസ് സംരക്ഷിക്കുകയാണെന്ന ആക്ഷേപം ഉയരുകയാണ്.
സംഭവം നടന്ന് ദിവസങ്ങൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തത് അപലപനീയമാണ്. പ്രതികളെ ഉടൻ പിടികൂടിയില്ലെങ്കിൽ ശക്തമായ സമരം ആരംഭിക്കുമെന്നും ജില്ലാ പ്രസിഡന്റ് അബ്ദുള്ളക്കുട്ടിയും സെക്രട്ടറി പി.എസ്.ആന്റസും അറിയിച്ചു.
പ്രതികളെ ഉടൻ പിടികൂടണമെന്നാവശ്യപ്പെട്ട് വെള്ളിയാഴ്ച കെ.എസ്.യു.വിന്റെ നേതൃത്വത്തിൽ യൂണിവേഴ്‌സിറ്റി കോളേജിലേക്ക് മാർച്ച് നടക്കും. കെ.എസ്.യു. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ 11-ാണ് പ്രതിഷേധ മാർച്ച്. അതേസമയം ഈ സംഭവത്തിൽ തനിക്ക് പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി ആർ.ബിന്ദു അറിയിച്ചു. സംഭവത്തിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ പരിശോധിച്ച് നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال