സംസ്ഥാനത്ത് വ്യാഴാഴ്ചയോടെ ശക്തമായ മഴ; ഇന്നും നാളെയും മുന്നറിയിപ്പില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് ശമനം. ഇന്നും നാളെയും ഒരു ജില്ലയിലും മുന്നറിയിപ്പ് നല്‍കിയിട്ടില്ല. അതേസമയം വ്യാഴാഴ്ചയും വെള്ളിയാഴ്ചയും വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.ഈ മാസം 12 ന് പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. 13 ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കാസര്‍കോഡ് ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. അതേസമയം അടുത്ത 3 മണിക്കൂറില്‍ (പുലര്‍ച്ചെ 4 മണിയ്ക്ക് പ്രഖ്യാപിച്ചത്) കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിനും ഭൂമധ്യ രേഖക്ക് സമീപമുള്ള ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ വീണ്ടും ശക്തിപ്രാപിച്ച് തുടര്‍ന്ന് നാളെയോടെ തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്ക-തമിഴ് നാട് തീരത്തിന് സമീപം എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം  ഒറ്റപ്പെട്ട  ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഡിസംബര്‍ 12 മുതല്‍ 14 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്ന്  കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.


Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال