ബിജെപി മുൻ തൃശൂർ ജില്ലാ അധ്യക്ഷൻ ഇ.രഘുനന്ദനൻ അന്തരിച്ചു.അക്കിക്കാവിനടുത്ത് കമ്പിപാലത്ത് ആണ് വീട്. കുറെ നാളായി അസുഖബാധിതനായിരുന്നു. കുന്നംകുളം മലങ്കര ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
സമൂഹത്തിന് വലിയൊരു സന്ദേശം നൽകിക്കൊണ്ടാണ് രഘുനന്ദനൻ യാത്രയാകുന്നത്. കണ്ണുകൾ രണ്ട് പേരുടെ ജീവിതത്തിൽ വെളിച്ചമാകും. മൃത ശരീരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികൾക്ക് പഠനാവശ്യത്തിനായി വിട്ടുനൽകും
ബിജെപി ജില്ലാ പ്രസിഡൻ്റ്, കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ്, ദേശീയ നിർവ്വാഹക സമിതി അംഗം എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. ഹീമോഫീലിയ സൊസൈറ്റി കുന്നംകുളം ചാപ്റ്ററിൻ്റെ സ്ഥാപകൻ കൂടിയാണ്. ഹീമോഫീലിയ ഫെഡറേഷൻ സൗത്ത് സോൺ ചെയർമ്മാൻ ആയിരുന്നു രഘുനന്ദനൻ.
നാളെ ഉച്ചവരെ വീട്ടിൽ പൊതുദർശനത്തിനുവെച്ചശേഷം മൃതദേഹം മെഡിക്കൽ കോളേജിനു കൈമാറും. കുന്നംകുളം നിയോജക മണ്ഡലത്തിൽ നിന്ന് ബിജെപിക്ക് വേണ്ടി മത്സരിച്ചിട്ടുണ്ട്. ഭാര്യ രമാ രഘുനന്ദൻ മഹിള മോർച്ചയുടെ നേതൃപദവിയിൽ ഉണ്ടായിരുന്ന ആളാണ് ' .ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രഘുനന്ദനനെ കാണാൻ കഴിഞ്ഞ ദിവസങ്ങളിൽ മുൻ സംസ്ഥാന പ്രസിഡണ്ടും ഗവർണറുമായ പി എസ് ശ്രീധരൻപിള്ള, സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ എന്നിവർ എത്തിയിരുന്നു.
