തിരുവനന്തപുരം: പതിനാറാം ധനകാര്യ കമ്മീഷനുമായി ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെ നിലപാടുകൾ നിർണയിക്കുന്നതിനായി അഞ്ചു സംസ്ഥാനങ്ങളിലെ മന്ത്രിമാർ പങ്കെടുക്കുന്ന കോൺക്ലേവ് ഇന്ന് തിരുവനന്തപുരത്ത് നടക്കും. ഹോട്ടൽ ഹയാത്ത് റിജൻസിയിൽ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ഏകദിന കോൺക്ലേവിൻറെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷനാകും. തെലങ്കാന ഉപമുഖ്യമന്ത്രിയും ധനകാര്യ വകുപ്പ് മന്ത്രിയുമായ ഭട്ടി വിക്രമാർക്ക മല്ലു, കര്‍ണാടക റവന്യൂ വകുപ്പ് മന്ത്രി കൃഷ്ണ ബൈരെ ഗൗഡ, തമിഴ്‌നാട് ധനകാര്യ വകുപ്പ് മന്ത്രി തങ്കം തെന്നരസു, പഞ്ചാബ് ധനകാര്യവകുപ്പ് മന്ത്രി ഹർപാൽ സിങ് ചീമ എന്നിവരോടൊപ്പം സംസ്ഥാന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും മുൻ കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവുമായ ഡോ. അരവിന്ദ് സുബ്രഹ്മണ്യം, മുൻ ധനകാര്യ വകുപ്പ് മന്ത്രി ടി. എം. തോമസ് ഐസക്, കേരള സംസ്ഥാന ആസൂത്രണ ബോർഡ് വൈസ് ചെയർമാൻ പ്രഫ. വി. കെ. രാമചന്ദ്രൻ തുടങ്ങിയവരും വിശിഷ്ടാതിഥികളായിരിക്കും.
ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ചടങ്ങിന് സ്വാഗതം പറയും. സംസ്ഥാനങ്ങൾ നേരിടുന്ന വികസന-ധനകാര്യ പ്രശ്നങ്ങൾ, പതിനാറാം ധനകാര്യ കമ്മീഷന് മുൻപാകെ അവതരിപ്പിക്കാനുള്ള ആശയരൂപീകരണമാണ് കോൺക്ലേവിന്റെ പ്രധാന ലക്ഷ്യം.
