തിരുവനന്തപുരം: അമിതവേഗത്തിൽ ഓടിച്ച കാറിടിച്ച് രണ്ട് പേർ കൊല്ലപ്പെട്ട സംഭവത്തിൽ, 9 വർഷം കഴിഞ്ഞ് പ്രതിയെ അറസ്റ്റ് ചെയ്തു. വർക്കല വെട്ടൂർ റാത്തിക്കൽ തൈത്തോട്ടം വീട്ടിൽ അസീം (45) ആണ് അറസ്റ്റിലായത്. 2015 ജനുവരി 12-ന്, ആറ്റിങ്ങൽ പൂവൻപാറയ്ക്ക് സമീപം ദേശീയപാതയിൽ അസീം ഓടിച്ച കാറിടിച്ച് ഒരു ബൈക്ക് യാത്രികനും ഓട്ടോറിക്ഷയിൽ സഞ്ചരിച്ചവരും മരിക്കുകയായിരുന്നു.
അമിതവേഗതയാണ് അപകടത്തിന് കാരണമായത്. അപകടത്തിന് ശേഷം അസീം ഒളിവിൽ പോയി, പിന്നീട് വിദേശത്തേക്ക് കടന്നു. കുറച്ച് വർഷങ്ങൾക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയ അസീം, പാരിപ്പള്ളിക്ക് സമീപം താമസിച്ചു വരികയായിരുന്നു.
ആറ്റിങ്ങൽ ഇൻസ്‌പെക്ടർ ജി. ഗോപകുമാർ, എസ്‌ഐമാരായ എസ്. സജിത്, എഎസ്ഐ രാധാകൃഷ്ണൻ, ഉണ്ണിരാജ്, സിപിഒ നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.

