രഞ്ജിത്തിന്റെ രാജി ഉടന്‍, സിദ്ദീഖിനെതിരെ കേസെടുത്തേക്കും; നിയമപദേശം തേടി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്ത് ഉടൻ രാജിവെച്ചേക്കുമെന്ന് സൂചന. ഇന്നോ നാളെയോ രാജി ഉണ്ടാകും. യുവനടിയുടെ ആരോപണത്തിൽ താരസംഘടനയുടെ ജനറൽ സെക്രട്ടറിയും നടനുമായ സിദ്ദീഖിനെതിരെ കേസെടുക്കുന്നതിനെ കുറിച്ചും സർക്കാർ ആലോചിക്കുന്നുണ്ട്.

രണ്ട് കേസുകളുമായി ബന്ധപ്പെട്ട നിയമപദേശവും സംസ്ഥാന സർക്കാർ തേടുന്നുണ്ട്. രഞ്ജിത്ത് രാജിവെക്കുകയും സിദ്ദിഖിനെതിരെ നടപടി സ്വീകരിക്കുകയും ചെയ്താൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് ശേഷമുള്ള സർക്കാരിന്റെ ആദ്യ ഇടപെടലാകും അത്.

പാലേരി മാണിക്യം എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് തനിക്കെതിരെ സംവിധായകൻ രഞ്ജിത്തിൽ നിന്ന് മോശം അനുഭവം ഉണ്ടായെന്നായിരുന്നു ബംഗാളി നടിയുടെ വെളിപ്പെടുത്തൽ. സർക്കാർ പ്രതിരോധത്തിലായെങ്കിലും നടി പരാതി നൽകിയാൽ തുടർനടപടി സ്വീകരിക്കാമെന്നായിരുന്നു സാംസ്‌കാരിക മന്ത്രി സജി ചെറിയാന്റെ നിലപാട്. വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനങ്ങൾ ഉയർന്നതോടെ ചെയർമാൻ സ്ഥാനത്തുനിന്ന് രഞ്ജിത്തിനെ മാറ്റാനുള്ള നിഗമനത്തിലേയ്ക്ക് എത്തുകയായിരുന്നു.

അതേസമയം രഞ്ജിത്തിനെതിരായ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ കേസെടുക്കുന്ന കാര്യത്തിൽ പിന്നീടായിരിക്കും സംസ്ഥാന സർക്കാർ തീരുമാനമെടുക്കുക. കൂടാതെ നടൻ സിദ്ദിഖിനെതിരെ യുവനടി ഉയർത്തിയ ലൈംഗിക പീഡന പരാതിയിൽ കേസെടുക്കുന്നതിനെ കുറിച്ചുള്ള ചർച്ചകളും സർക്കാർതലത്തിൽ സജീവമാണ്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال