കൊച്ചി: സിനിമാ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കൊഴുക്കുന്നതിനിടെ അമ്മ ഓഫീസിനു മുന്നില്‍ റീത്തുവച്ച് പ്രതിഷേധം.ലോ കോളജ് വിദ്യാര്‍ഥികളാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്. ഹെല്‍മറ്റ് ധരിച്ചെത്തിയ നാല് വിദ്യാർഥികളാണ് റീത്ത് വച്ച് പ്രതിഷേധിച്ചത്.

"അച്ഛനില്ലാത്ത അമ്മയ്ക്ക്' എന്നാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. നിലവിലെ പ്രശ്നങ്ങളില്‍ അമ്മയുടെ ഓഫീസിന് തീ കത്തുമ്ബോള്‍ പുറത്തേക്ക് ഇറങ്ങിയോടുന്ന അംഗങ്ങളുടെ കാർട്ടൂണും റീത്തിനൊപ്പം വച്ചിട്ടുണ്ട്. റീത്ത് ഓഫീസ് ജീവനക്കാര്‍ എടുത്തു മാറ്റി.
ആരോപണങ്ങള്‍ ഉയർന്നതിന് പിന്നാലെ കഴിഞ്ഞ നാലു ദിവസമായി അമ്മയുടെ ഓഫീസ് അടഞ്ഞുകിടക്കുകയായിരുന്നു ഇതിനിടെയാണ് വിദ്യാർഥികള്‍ പ്രതിഷേധിച്ചത്.അതേസമയം സംവിധായകൻ രഞ്ജിത്ത് ലൈംഗിക താത്പര്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ച് ബംഗാളി നടി ശ്രീലേഖ മിത്ര പോലീസില്‍ പരാതി നല്‍കി.
കടവന്ത്രയിലെ ഫ്ലാറ്റിലാണ് സംഭവം നടന്നതെന്നും ശ്രീലേഖ കൊച്ചി പോലീസ് കമ്മീഷണർക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.സ്ത്രീത്വത്തെ അപമാനിച്ചുവെന്നും ക്രിമിനല്‍ നിയമനടപടി സ്വീകരിക്കണമെന്നും ശ്രീലേഖ മിത്ര അയച്ച ഇമെയില്‍ പരാതിയില്‍ പറയുന്നു.
