വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥന് ഐപിഎസ് നൽകാൻ സർക്കാർ; പ്രതിഷേധവുമായി പെൺകുട്ടികളുടെ അമ്മ

പാലക്കാട്: വാളയാർ കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥൻ എം.ജെ.സോജന് ഐപിഎസ് നൽകാനുള്ള സർക്കാർ നീക്കത്തിൽ പ്രതിഷേധം. സോജന് ഐപിഎസ് ഗ്രേഡ് ലഭിക്കുന്നതിനുള്ള സമഗ്രതാ സർട്ടിഫിക്കറ്റ് തടഞ്ഞുവയ്ക്കാനാവില്ലെന്ന് ആഭ്യന്തര വകുപ്പിൻറെ വിശദീകരണം ലഭിച്ചതിന് പിന്നാലെ വാളയാർ പെൺകുട്ടികളുടെ അമ്മ രംഗത്തെത്തി. പ്രതികളെ രക്ഷിച്ചതിന് സ൪ക്കാരിൻറെ സമ്മാനമാണ് നടപടിയെന്നാണ് വാളയാ൪ പെൺകുട്ടികളുടെ അമ്മയുടെ പ്രതികരണം. കേസ് അട്ടിമറിച്ച് മുഴുവൻ പ്രതികളെയും രക്ഷിച്ചെടുത്തയാളാണ് സോജൻ.

ഇതിനുള്ള സമ്മാനമാണ് ഐപിഎസ് പദവി. വേട്ടക്കാ൪ക്കൊപ്പമാണ് ഞങ്ങളെന്ന് സ൪ക്കാ൪ വീണ്ടും തെളിയിക്കുകയാണെന്നും  അമ്മ കൂട്ടിച്ചേർത്തു.2017 ജനുവരി 7 നാണ് അട്ടപ്പള്ളത്തെ വീട്ടില്‍ 13 വയസ്സുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാര്‍ച്ച് 4 ഇതേ വീട്ടിൽ അനുജത്തി ഒമ്പത് വയസ്സുകാരിയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാര്‍ച്ച് 6 ന് പാലക്കാട് എഎസ്പി ജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. 

2017 മാർച്ച് 12 ന് മരിച്ച കുട്ടികള്‍ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത് വന്നെങ്കിലും 2019 ജൂണ്‍ 22 ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയായിരുന്നു. 2019 ഒക്ടോബര്‍ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം പ്രതിയായി ചേര്‍ത്ത ചേര്‍ത്തല സ്വദേശി പ്രദീപ് കുമാറിനെ തെളിവുകളുടെ അഭാവത്താല്‍ വെറുതെവിട്ടു. 2019 ഒക്ടോബർ 25ന് പ്രതികളായ വി. മധു, എം. മധു, ഷിബു എന്നിവരെയും കോടതി വെറുതെ വിടുകയായിരുന്നു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال