ആരോപണം അടിയന്തരമായി അന്വേഷിക്കണം; ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റണമെന്ന് കെ.സുധാകരന്‍



തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരായ ബംഗാളി നടി ശ്രീലേഖ മിത്രയുടെ ആരോപണം അടിയന്തരമായി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ. ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്ത് നിന്ന് രഞ്ജിത്തിനെ മാറ്റമണെന്നും സുധാകരൻ ആവശ്യപ്പെട്ടു.

ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ വിവരാവകാശ കമ്മിഷൻ ആവശ്യപ്പെടാത്ത ചില ഭാഗങ്ങൾ അടർത്തിമാറ്റിയതിൽ സിനിമേഖലയിൽ നിന്ന് സർക്കാരിന്റെ ഭാഗമായി പ്രവർത്തിക്കുന്ന മൂവർ സംഘത്തിന് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്നും സുധാകരൻ വ്യക്തമാക്കി. സർക്കാരിന്റെ ദൂരൂഹമായ ഈ നടപടിക്ക് പിന്നിൽ കുറ്റാരോപിതരായ ഉന്നതരെ സംരക്ഷിക്കാനുള്ള വ്യഗ്രത പ്രകടമാണ്.സർക്കാർ സ്വന്തം ഇഷ്ടപ്രകാരം ഒഴിവാക്കിയ ഭാഗം ഉടനെ പുറത്തുവിടണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.


സിനിമാ മേഖലയിലെ പ്രശ്ന പരിഹാരത്തിന് കോൺക്ലേവ് എന്ന സർക്കാർ നിർദ്ദേശം പരിഹാസ്യമാണ്. കുറ്റാരോപിതരെ സംരക്ഷിക്കുന്നതിനായി ജനത്തിന്റെ കണ്ണിൽപൊടിയിടുന്ന നടപടിയാണിത്. ശക്തമായ നിയമ നടപടിയെടുക്കാതെ വേട്ടക്കാരനൊപ്പം ഇരകളെ ഇരുത്തി ഒത്തുതീർപ്പ് ഫോർമുല കണ്ടെത്തുകയല്ല സർക്കാർ ചെയ്യേണ്ടത്.

ഭാഗികമായിട്ടാണെങ്കിലും റിപ്പോർട്ട് പുറത്തുവന്നപ്പോഴും സിനിമാ മേഖലയിലെ പലരും തങ്ങൾ നേരിട്ട ദുരനുഭവം പരസ്യമായി പങ്കുവെയ്ക്കാൻ തയ്യാറായി. അവർ കാട്ടിയ തന്റേടം സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ പിണറായി സർക്കാരിന് ഇല്ലാത്തത് നാണക്കേടാണെന്നും അവരുടെ വെളിപ്പെടുത്തലിലും അന്വേഷണം നടത്തണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

സംവിധായകനും അഭിനേതാക്കളും ആയ ചിലർ പിണറായി സർക്കാരിന്റെ ഭാഗമാണ്. അവർ മന്ത്രിയും എംഎൽഎയും അക്കാദമിയുടെ ചെയർമാനുമായി എൽഡിഎഫ് സർക്കാർ സംവിധാനത്തിന്റെ പവർ ഗ്രൂപ്പായി പ്രവർത്തിക്കുന്നു. അതുകൊണ്ട് തന്നെയാണ് ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറംലോകം കാണാൻ പോലും നാലരക്കൊല്ലം വൈകിയതും വിവരാവകാശ കമ്മിഷൻ നിർദ്ദേശിച്ച ഖണ്ഡികൾക്ക് പുറമെ ചിലത് കൂടി സർക്കാർ സ്വമേധയാ വെട്ടിമാറ്റിയതുമാണ്.


റിപ്പോട്ടിലും അതിനുശേഷമുള്ള ചില തുറന്നു പറച്ചിലുകളിലും പുറത്തുവന്ന വെളിപ്പെടുത്തലുകൾ ക്രിമിനൽ സ്വഭാവമുള്ളവയാണ്. ലൈംഗികാതിക്രമവും ചൂഷണവും ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ദുരനുഭവം നേരിട്ടവർ നൽകിയ രഹസ്യമൊഴി പരിഗണിച്ച് സർക്കാരിന് കേസെടുക്കാവുന്നതാണ്. എന്നാൽ സർക്കാരതിന് തയ്യാറാകാത്തതിൽ ശക്തമായ ഇടപെടലുണ്ട്.ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ലഭിച്ച മൊഴികളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കേസെടുക്കാൻ സർക്കാർ തയ്യാറാകണം.സ്ത്രീ സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാരിന് ആത്മാർത്ഥതയുണ്ടെങ്കിൽ പരാതിക്കാരന് വേണ്ടി കാത്തുനിൽക്കില്ല.ഇത്രയും നാൾ നിയമനടപടി സ്വീകരിക്കാതെ ഹേമാ കമ്മിറ്റി റിപ്പോർട്ട് പൂഴ്ത്തിവെച്ചത് തന്നെ ഗുരുതരമായ കൃത്യവിലോപമാണെന്നും സുധാകരൻ കൂട്ടിച്ചേർത്തു.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال