കൊച്ചി: കഴിഞ്ഞ ദിവസമാണ് ഉത്തരേന്ത്യൻ ഓൺലൈൻ ലോൺ ആപ് സംഘത്തിന്റെ ഭീഷണിയെ തുടർന്ന് യുവതി ജീവനൊടുക്കിയത്. യുവതിയുടെ മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ അയച്ചതാണു ജീവനൊടുക്കാൻ കാരണമെന്നാണ് സൂചന.
സംഭവത്തിന് പിന്നാലെ പൊലീസ് അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു. യുവതി ഓൺലൈൻ ലോൺ ആപ്പുകൾ വഴി ആരതി വായ്പ എടുത്തിരുന്നതായി പൊലീസ് സ്ഥിരീകരിച്ചു.
യുവതിയുടെ ഫോൺ പരിശോധിച്ചതിൽ നിന്ന് ലോൺ ആപ്പുകാരുടെ ഭീഷണി സന്ദേശങ്ങൾ ലഭിച്ചിട്ടുണ്ട്. ഫോൺ കസ്റ്റഡിയിലെടുത്ത് പ്രത്യേക അന്വേഷണ സംഘത്തലവൻ കുറുപ്പംപടി ഇൻസ്പെക്ടർ വി.എം.കഴ്സന്റെ നേതൃത്വത്തിൽ വിപുലമായ അന്വേഷണം ആരംഭിച്ചു. കണിച്ചാട്ടുപാറ അരുവാപ്പാറ കുരിയപ്പുറം വീട്ടിൽ ആരതിയെയാണ് (31) ചൊവ്വാഴ്ച കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടത്.
വലിയ തുക വായ്പയെടുക്കുന്നതിനുള്ള ശ്രമമാണ് മരണത്തിലേക്കു നയിച്ചതെന്നാണു സൂചന. വലിയ തുക വായ്പ ലഭിക്കുന്നതിന് പ്രോസസിങ് ഫീസ് ആയി ആവശ്യപ്പെട്ട തുകയ്ക്കായി മറ്റൊരു ലോൺ ആപ്പിൽ നിന്നു വായ്പയെടുത്തു.
പ്രോസസിങ് ഫീസ് നൽകിക്കൊണ്ടിരുന്നതല്ലാതെ വായ്പ കിട്ടിയില്ല. ചെറിയ തുക തിരിച്ചടയ്ക്കാനുമായില്ല. ഇതോടെ ഉത്തരേന്ത്യൻ ലോൺ ആപ് സംഘം ഭീഷണി തുടങ്ങുകയായിരുന്നു. മോർഫ് ചെയ്ത നഗ്നചിത്രങ്ങൾ യുവതിയുടെയും ഭർത്താവിന്റെയും ഫോണിലേക്ക് അയച്ചതായാണു സൂചന. ഇതോടെയാണ് യുവതി ജീവനൊടുക്കിയത്.

