കാഞ്ഞാർ (ഇടുക്കി) : ചേലാകർമ്മം നടത്തിയതിനെ തുടർന്ന് നവജാത ശിശു മരിച്ച സംഭവത്തിൽ രണ്ടുപേർ അറസ്‌റ്റിൽ. ചേലാകർമ്മം ചെയ്ത നേര്യമംഗലം സ്വദേശി ഇബ്രാഹിം, സഹായി റിഷാദ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആദ്യം അസ്വാഭാവിക മരണമായി രജിസ്റ്റർ ചെയ്ത കേസിൽ വിശദമായ അന്വേഷണം നടത്തി മനപ്പൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് എടുക്കുകയുമാണ് ചെയ്തിട്ടുള്ളത്. അമിത രക്‌തസ്രാവവും തുടർന്ന് അണുബാധയുണ്ടായതുമാണ് മരണകാരണമെന്ന് പോസ്റ്റുമാർട്ടം റിപ്പോർട്ടിൽ പറയുന്നു..
ഇടുക്കി കാഞ്ഞാർ സ്വദേശികളുടെ ഇരട്ടക്കുട്ടികളിൽ ഒരാളാണ് ചേലാകർമ്മത്തെ തുടർന്ന് മരിച്ചത്. ജനുവരിയിലായിരുന്നു കേസിനാധാരമായ ദാരുണ സംഭവം. ചേലാകർമ്മത്തിന് ശേഷം രക്ത ശ്രാവം ഉണ്ടായതോടെകുഞ്ഞിനെ ആദ്യം തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോലഞ്ചേരിയിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
കുട്ടിയുടെ ബന്ധുക്കളുടെ മൊഴിയെടുത്ത ശേഷമാണ് അസ്വഭാവിക മരണത്തിന് കേസെടുത്തത്. വിശദമായ പോസ്‌റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് മരണകാരണം വ്യക്തമായത്. കാഞ്ഞാർ പൊലീസ് ഇരുവരുടെയും അറസ്‌റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
