തൃശൂർ: അഷ്ടമി രോഹിണി ഉത്സവത്തിൻ്റെ തിരക്കിൽ ഗുരുവായൂർ ക്ഷേത്രം പൂർണമായും ജീവന്തമായിരിക്കുന്നു. ഉണ്ണി കണ്ണന്റെ ജന്മദിനം ആഘോഷിക്കാൻ പതിനായിരക്കണക്കിന് ഭക്തജനങ്ങൾ ഗുരുവായൂരിലേക്ക് ഒഴുകിയെത്തുന്നു. ഇന്ന് രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന് നിവേദിച്ച പാൽപ്പായസമുൾപ്പെടെയുള്ള പ്രത്യേക വിശേഷാൽ പ്രസാദ ഊട്ടാണ് അഷ്ടമി രോഹിണിയോടനുബന്ധിച്ചുള്ള മുഖ്യ ആകർഷണം.
വിവിധ സാംസ്കാരിക, കലാ പരിപാടികൾ ഇന്ന് മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടത്തപ്പെടും. വൈകീട്ട് 5 മണിക്ക് സാംസ്കാരിക സമ്മേളനം ദേവസ്വം മന്ത്രി വിഎൻ വാസവൻ ഉദ്ഘാടനം ചെയ്യും. രാത്രി 7.30 മുതൽ സംഗീത നൃത്ത നാടകവും രാത്രി 10 മണി മുതൽ കൃഷ്ണനാട്ടവും അരങ്ങേറും.
ആറൻമുള ശ്രീകൃഷ്ണ ക്ഷേത്രത്തിലും ഇന്ന് വിശേഷാൽ പൂജകളും മറ്റു പരിപാടികളും നടക്കും. പ്രസിദ്ധമായ ആറൻമുള അഷ്ടമി രോഹിണി വള്ളസദ്യയും ഇന്ന് നടക്കും. രാവിലെ 11 മണിയോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപി വള്ളസദ്യ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തിനുള്ളിൽ 60,000 പേർക്കും പുറത്തു 10,000 പേർക്കും സദ്യ ഒരുക്കുന്നുണ്ട്. ഒക്ടോബർ 2 വരെ ക്ഷേത്രത്തിൽ വള്ളസദ്യ വഴിപാട് തുടരുമെന്നതാണ് ശ്രദ്ധേയമായ കാര്യം.
ബാല ഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം ശേഭാ യാത്രകളും ഇന്ന് നടത്തപ്പെടും. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ആ പ്രദേശത്തുവെച്ച് ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്.

