തൃശൂർ: പരസ്പരം പ്രശംസിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപിയും തൃശൂർ മേയർ എം.കെ. വർഗീസും. തൃശൂർ അയ്യന്തോളിൽ നടന്ന കോർപ്പറേഷന്റെ അർബൻ ഹെൽത്ത് ആൻഡ് വെൽനസ് സെൻററിന്റെ ഉദ്ഘാടന ചടങ്ങിനിടെയാണ് മേയറെ പ്രശംസിച്ചുകൊണ്ട് സുരേഷ് ഗോപി വീണ്ടും രംഗത്തെത്തിയത്. മേയർ-സുരേഷ് ഗോപി ബന്ധത്തിന് എതിരെ സിപിഐ രംഗത്ത് വന്ന സാഹചര്യത്തിൽ ഈ പ്രശംസ ഏറെ ശ്രദ്ധേയമായിരുന്നു.
തൻറെ രാഷ്ട്രീയത്തിൽ നിന്ന് വ്യത്യസ്തമായ രാഷ്ട്രീയമാണെങ്കിലും ജനങ്ങൾക്കുവേണ്ടി തൻറെ ഫണ്ട് വിനിയോഗിച്ച മേയറെ ആദരിക്കാനും സ്നേഹിക്കാനും മാത്രമാണ് തോന്നുന്നതെന്ന് സുരേഷ് ഗോപി ചടങ്ങിനിടെ പറഞ്ഞു. മേയറുടെ എതിരാളികൾ ആരാണെന്ന് നിങ്ങൾക്കറിയാമെന്നും അവരെ ജനങ്ങൾ കൈകാര്യം ചെയ്താൽ മതി എന്നും സുരേഷ് ഗോപി പറഞ്ഞു.
തൃശൂരിന് സുരേഷ് ഗോപി വൻ പദ്ധതികൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷയെന്നും ജനം സുരേഷ് ഗോപിയെ പ്രതീക്ഷയോടെ കാണുന്നുവെന്നും മേയർ എം.കെ. വർഗീസ് പറഞ്ഞു.