പരാതി പരിഹരിച്ചില്ല; കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ട് കർഷകന്റെ പ്രതിഷേധം


ഭോപ്പാൽ: ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട തൻ്റെ പരാതി ഭരണകൂടം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിലെ മന്ദ്‌സൗറിലെ കളക്ട്രേറ്റ് ഓഫീസിലെ തറയിൽ ഉരുണ്ടു കർഷകൻ. മന്ദ്‌സൗറിലെ കളക്ടറേറ്റ് ഓഫീസിനുള്ളിൽ ധോത്തി ധരിച്ച് കൂപ്പുകൈകളോടെ കർഷകൻ തറയിൽ ഉരുളുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രദേശത്തെ മാഫിയ തൻ്റെ ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയതിനെതിരെ പലതവണ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നും, അതിനെതിരെ കളക്ട്രേറ്റിലെ ഹാളിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചിരുന്നെന്നുമാണ് ശങ്കർലാൽ എന്ന കർഷകന്റെ ആരോപണം. സർക്കാരിലും ഭരണത്തിലും തനിക്ക് അതൃപ്തിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ പബ്ലിക് ഹിയറിങ്ങിൽ വരുന്ന എല്ലാ കേസുകളും ഉടൻ പരിഹരിക്കപ്പെടുന്നുണ്ടെന്നും, ചൊവ്വാഴ്ച നടന്ന ഹിയറിംഗിൽ നിരവധി ആളുകൾ പങ്കെടുത്തുവെന്നും, അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും, അതിൽ നടപടിയെടുക്കുകയും ചെയ്തുവെന്നുമാണ് സംഭവത്തിൽ പ്രതികരിച്ച ജില്ലാ മജിസ്‌ട്രേറ്റ് ഉദ്യോഗസ്ഥൻ ദിലീപ് യാദവിന്റെ വിശദീകരണം.

നിലവിൽ ശങ്കറും കുടുംബവുമാണ് ഭൂമി കൈവശം വച്ചിരിക്കുന്നതെന്ന് പ്രാദേശിക ഭരണകൂടം വ്യക്തമാക്കി.  തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളുടെ അടിസ്ഥാനത്തിൽ സുഖദ് വില്ലേജിൽ ശങ്കർലാലിനും കുടുംബാംഗങ്ങൾക്കും സംയുക്തമായി 3.52 ഹെക്ടർ ഭൂമിയുണ്ടെന്ന് കണ്ടെത്തിയിരുന്നു. 2010 ഡിസംബർ 31-ൽ സെയിൽ ഡീഡ് പ്രകാരം, മന്ദ്‌സൗറിലെ താമസക്കാരനായ നാരായൺ റാവുവിന്റെ മകൻ അശ്വിന് ശങ്കർ ഭൂമിയുടെ പകുതി വിറ്റതായും റിപ്പോർട്ടുകൾ പറയുന്നു. 2010-ൽ അന്നത്തെ തഹസിൽദാർ സീതമാവ് അത് അംഗീകരിച്ചിരുന്നു. എന്നാൽ ശങ്കർലാലും കുടുംബവും അശ്വിന് ഭൂമി കൈമാറാൻ തയ്യാറല്ലെന്നും തദ്ദേശഭരണ സ്ഥാപനം നൽകിയ രേഖകളിൽ പറയുന്നുണ്ട്.

Previous Post Next Post
Newsfact Media
Newsfact Media

نموذج الاتصال