കാട്ടാക്കട : വാഹന പരിശോധന കർശനമാക്കി കാട്ടാക്കട മോട്ടോർ വാഹന വകുപ്പ്. നമ്പർ പ്ലേറ്റ് ഇല്ലാത്ത വാഹനങ്ങൾ ഉൾപ്പെടെ ഒരു മണിക്കൂർ നേരത്തെ പരിശോധനയിൽ തന്നെ പിടികൂടിയത് ഏഴ് വാഹനങ്ങൾ ആണ്. ഇവയിൽ നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഇൻഷുറൻസ് ഇല്ലാത്തതും നമ്പർ ശരിയായി എഴുതാത്തതും തുടങ്ങി മോട്ടോർ വാഹന നിയമ ലംഘങ്ങൾക്കെല്ലാം അപ്പോൾ തന്നെ പിഴ നൽകി.ഇത്തരത്തിൽ ഒരുമണിക്കൂറിനിടെ 30000 ത്തോളം രൂപയാണ് പിഴ ഈടാക്കിയത്.
കാട്ടാക്കട കെഎസ്ആർടിസി വാണിജ്യ സമുച്ചയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്നതും ഇതിനിടെ ഇതുവഴി കടന്നുപോയ ചില വാഹനങ്ങളെയും ആണ് മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്.വാണിജ്യ സമുച്ചയത്തിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന നിയമ ലംഘനം കണ്ടെത്തിയ രണ്ടു ന്യൂ ജെൻ ബൈക്ക് ഉദ്യോഗസ്ഥർ ചങ്ങലയിട്ട് പൂട്ടി.
മുൻ വശത്തെ നമ്പർ പ്ലേറ്റ് ഇല്ലാത്തതും ഇവ കാണാത്ത തരത്തിൽ വച്ചിരുന്നതും ഉൾപ്പെടെ വാഹനങ്ങൾക്ക് ആണ് ഉടമസ്ഥൻ ഇല്ലാത്തതിനെ തുടർന്ന് ചങ്ങലയിട്ട് പൂട്ടിയത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ ഒരു വാഹന ഉടമക്ക് പിഴ നോട്ടിസ് നൽകുകയും ഉടമസ്ഥൻ എത്താത്ത ബൈക്കിനെ കസ്റ്റഡിയിൽ എടുത്തു കാട്ടാക്കട മോട്ടോർ വകുപ്പ് ആസ്ഥാനത്തേക്ക് മാറ്റുകയും ചെയ്തു.
കാട്ടാക്കടയിൽ നിയമലംഘനം നടത്തിയുള്ള വാഹനങ്ങളുടെ പാച്ചിലിന് തടയിടണമെന്ന് ആവശ്യപ്പെട്ട് നിരവധി പരാതികളാണ് മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിട്ടുള്ളത്.കഴിഞ്ഞ ദിവസം കെഎസ്ആർടിസി വാണിജ്യസമുച്ചയത്തിൽ ഉണ്ടായ കൂട്ടത്തലിന്റെ പശ്ചാത്തലത്തിലും ഇവിടെ അനധികൃതമായി വാഹനങ്ങൾ എത്തുന്നുണ്ട് എന്ന വാർത്തയുടെ അടിസ്ഥാനത്തിലും കൂടിയാണ് ഇവിടെ മോട്ടോർ വാഹന വകുപ്പ് മിന്നൽ പരിശോധന നടത്തിയത്.
വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്നും നിയമ ലംഘനം കണ്ടെത്തിയാൽ പിഴ ഈടക്കുമെന്നും മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ധനേഷ് പറഞ്ഞു.